Celebrities

മോഹൻലാലിന്‍റെ ചില ചിത്രങ്ങൾക്ക് അത്ര സ്വീകാര്യത ലഭിച്ചില്ല പക്ഷെ ഈ മമ്മൂട്ടി ചിത്രത്തിന് കിട്ടും: ദേവന്‍

നാദം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്ന നടനാണ് ദേവന്‍. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായും വില്ലനായും ദേവന്‍ ശ്രദ്ധേയനായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ദേവന്‍ തന്റെ സാന്നിധ്യമറിയിച്ചു.

ചില ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്ത ദേവന്‍ സീരിയല്‍ രംഗത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മലയാളസിനിമയിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കന്‍ വീരഗാഥയുടെ റീ റിലീസിനെക്കുറിച്ച് സംസാരിക്കുകയാണ് ദേവന്‍. ഓണ്‍ലുക്കേഴ്​സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദേവന്‍.

‘മോഹൻലാലിന്റെ ചില പടങ്ങൾ വന്നല്ലോ. അതിനൊന്നും അത്രയും സ്വീകാര്യത ലഭിച്ചില്ല. പക്ഷേ, ഈ പടത്തിന് സ്വീകാര്യത കിട്ടും. ആളുകള്‍ക്ക് ഒരു താല്‍പര്യമുണ്ടാവും, അതിന്‍റെ ഒരു ഗ്ലാമര്‍, കളര്‍ഫുള്ളായ സംഗതി ഉണ്ട്. ഒരുപാട് ആളുകൾ വടക്കൻ വീരഗാഥ തിയറ്ററിൽ നിന്ന് കാണാൻ ആഗ്രഹിക്കുന്നുണ്ട്. പഴയ തലമുറയിലെ പലരും ആ സിനിമ തിയറ്ററിൽ നിന്ന് കണ്ടിട്ടുമുണ്ട്. പ‌ക്ഷേ പുതിയ തലമുറക്ക് ഇതൊരു അവസരമാണ്, ഭാഗ്യമാണ്. സിനിമയെ സീരിയസായി കാണുന്നവർക്ക് ഒരു പാഠപുസ്‌തകമായി കാണാവുന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥ.

പുതിയ തലമുറയിലെ സംവിധായകര്‍ വന്ന് ഈ പടം കാണും. ഗവേഷണത്തിന് താല്‍പര്യമുള്ള ആളുകള്‍ വില്ലനായ ചന്തുവിനെ എങ്ങനെ നായകനാക്കി എന്ന് അറിയാന്‍ വരും. തിരക്കഥാകൃത്തുകള്‍ക്ക് വരാം. അവര്‍ക്ക് പഠിക്കാം. അതുകൊണ്ട് തന്നെ ഈ സിനിമക്ക് വലിയ പ്രതീക്ഷകളുണ്ട്,’ ദേവന്‍ പറഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായി അഭിനയിച്ച 1989 ൽ റിലീസ് ചെയ്ത ഒരു വടക്കൻ വീരഗാഥ. തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. വടക്കൻ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ചന്തുവായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. മാധവിയായിരുന്നു ചിത്രത്തിൽ ഉണ്ണിയാർച്ചയായി എത്തിയത്. മമ്മൂട്ടിക്ക് പുറമെ ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.