Thrissur

രൂക്ഷമായ ജലക്ഷാമം,ഹോസ്റ്റലുകൾ‌ അടച്ചിട്ട് രണ്ടാഴ്ച; ക്ലാസുകൾ ഓൺലൈന്‍ | water crisis

15 വരെ ക്ലാസുകൾ ഓൺലൈനായി തുടരാനാണ് നിലവിലെ തീരുമാനം.

മണ്ണുത്തി ∙ രൂക്ഷമായ ജലക്ഷാമം മൂലം വെറ്ററിനറി സർവകലാശാലയിൽ ക്ലാസുകൾ നടക്കുന്നത് ഓൺലൈനായി. 15 വരെ ക്ലാസുകൾ ഓൺലൈനായി തുടരാനാണ് നിലവിലെ തീരുമാനം. വെള്ളമില്ലാത്തതിനാൽ രണ്ടാഴ്ച മുൻപ് സർവകലാശാല ഹോസ്റ്റലുകൾ അടച്ചു. അന്നു മുതൽ ക്ലാസുകൾ ഓൺലൈനിലാണ്.

പീച്ചിയിൽ നിന്നു നേരിട്ട് വെറ്ററിനറി സർവകലാശാലയിലേക്ക് വെള്ളം എത്തിച്ചിരുന്ന പൈപ്പ് ദേശീയപാത വികസനത്തെ തുടർന്ന് 15 വർഷം മുൻപ് തകർന്നിരുന്നു. കണക്‌ഷൻ പുനഃസ്ഥാപിക്കാൻ നടപടി ഉണ്ടായില്ല. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ജലദൗർലഭ്യം രൂക്ഷമാകാറുള്ളത്. എന്നാൽ, ഇത്തവണ ഫെബ്രുവരിയിൽ തന്നെ ഹോസ്റ്റലുകൾ അടയ്ക്കേണ്ടി വന്നു. 350 ഏക്കറിനടുത്ത് വരുന്ന ക്യാംപസിൽ ഈ വർഷം തുടക്കത്തിൽ തന്നെ കടുത്ത ജലക്ഷാമമാണ് നേരിട്ടത്.

പീച്ചി കനാൽ‌ തുറന്നു പ്രശ്നം പരിഹരിക്കാനാണു ശ്രമം. നിലവിൽ ആയിരത്തി അഞ്ഞൂറിലധികം വിദ്യാർഥികളും ജീവനക്കാരും അവരുടെ കുടുംബങ്ങളും ക്യാംപസിൽ താമസിക്കുന്നുണ്ട്. ഇവർക്കെല്ലാവർക്കും കൂടി ഏകദേശം 5 ലക്ഷം ലീറ്റർ വെള്ളം പ്രതിദിനം ആവശ്യമാണ്. ഇതു കൂടാതെ സർവകലാശാലയിലെ ഫാമുകളിലുള്ള മൃഗങ്ങൾക്ക് 10 ലക്ഷം ലീറ്റർ വെള്ളം പ്രതിദിനം വേണ്ടിവരും. ജല അതോറിറ്റിയിൽ നിന്നു കൂടുതൽ വെള്ളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല അധികൃതർ ജലവിഭവ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

content highlight : water-crisis-hostels-of-veterinery-university-closed-for-two-weeks