Celebrities

എന്നെ മാത്രം എന്തിന് കുറ്റവാളിയെ പോലെ കാണുന്നു ?, ഒരുദിവസം കൊണ്ടെടുത്ത തീരുമാനമല്ല; സമാന്ത വിഷയത്തിൽ മൗനം വെടിഞ്ഞ് നാഗചൈതന്യ

ആരാധകര്‍ ഏറെ ആഘോഷിച്ച താരവിവാഹമായിരുന്നു സാമന്തയുടേയും നാഗ ചൈതന്യയുടേയും. പ്രണയത്തിന് ശേഷം വിവാഹിതരായ ഇരുവരുടേയും വിവാഹബന്ധം അധികം മുന്നോട്ട് പോയില്ല. 2017ല്‍ വിവാഹിതരായ ഇരുവരും 2021ല്‍ വേര്‍പിരിഞ്ഞിരുന്നു. അടുത്തിടെ നാഗ ചൈതന്യ ശോഭിത ധൂലിപാലയെ വിവാഹം ചെയ്​തിരുന്നു. ഇതിനു പിന്നാലെ നാഗ ചൈതന്യക്കെതിരെ രൂക്ഷമായി സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ വിവാഹമോചനത്തെ പറ്റി സംസാരിക്കുകയാണ് നാഗ ചൈതന്യ. വിവാഹ മോചനവും പുനര്‍വിവാഹവും പലരുടെയും ജീവിതത്തിൽ സംഭവിക്കാറുണ്ടെന്നും പിന്നെ തന്നെ മാത്രം എന്തിനാണ് ഒരു കുറ്റവാളിയെ പോലെ കാണുന്നതെന്നും താരം ചോദിച്ചു. ‘റോ ടോക്സ് വിത്ത് വികെ പോഡ്കാസ്റ്റ്’എന്ന പരിപാടിയിലായില്‍ സംസാരിക്കുകയായിരുന്നു നാഗ ചൈതന്യ.

‘ഞങ്ങൾ രണ്ടുപേരും സ്വന്തം വഴികള്‍ തിരഞ്ഞെടുത്തു. അതിന് ഞങ്ങളുടേതായ കാരണങ്ങളുണ്ട്. തീരുമാനങ്ങളെ പരസ്പരം ബഹുമാനിക്കുന്നു. രണ്ടുപേരും അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ ജീവിക്കുന്നത്. ഇതിൽ കൂടുതൽ എന്ത് വിശദീകരണമാണ് വേണ്ടതെന്ന് എനിക്കു മനസ്സിലാകുന്നില്ല. പ്രേക്ഷകരും മാധ്യമങ്ങളും അത് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ ഞങ്ങളുടെ സ്വകാര്യത മാനിക്കണം. നിർഭാഗ്യവശാൽ ഇക്കാര്യം ഗോസിപ്പിനും വിനോദത്തിനുമായി ഉപയോഗിക്കുന്നു.

ഞാൻ മറ്റൊരു സ്നേഹം കണ്ടെത്തി. വളരെ സന്തോഷത്തോടെയും പരസ്പര ബഹുമാനത്തോടെയുമാണ് ഇപ്പോൾ ജീവിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ പലരുടെയും ജീവിതത്തിൽ സംഭവിക്കാറുണ്ട്. പിന്നെ എന്നെ മാത്രം എന്തിനാണ് ഒരു കുറ്റവാളിയെ പോലെ കാണുന്നത്?

എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം ബാധിക്കുന്ന ഒരു വിഷയമായിരുന്നു. ഒരു തകർന്ന കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ശിഥിലമായ കുടുംബത്തിലെ കുട്ടിയായിരുന്നു ഞാന്‍. കുടുംബം തകർന്നാൽ അത് എത്രമാത്രം ബാധിക്കുമെന്ന് എനിക്ക് നന്നായി അറിയാം. ഒരുദിവസം കൊണ്ടെടുത്ത തീരുമാനമല്ല. ഈ തീരുമാനം എടുക്കുന്നതിനു മുൻപ് 1000 തവണ ചിന്തിച്ചു. ഒടുവിൽ ഇത് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്,’ നാഗ ചൈതന്യം പറഞ്ഞു.