Movie News

ആദ്യ പടയാളിയെ പുറത്തിറക്കി ‘എമ്പുരാന്‍’; ആ 36-ാമന്‍ ആരാണ് ?

മലയാള സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലൂസിഫർ നേടിയ വിജയം കൊണ്ട് തന്നെ എമ്പുരാന്റെ മേലും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഇപ്പോഴിതാ എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ജയ്സ് ജോസ് അവതരിപ്പിക്കുന്ന സേവ്യർ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം നടന്റെ ചിത്രീകരണ അനുഭവങ്ങളും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ലൂസിഫർ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയ്‌ക്കൊപ്പമുള്ള കഥാപാത്രമാണ് സേവ്യർ. ഇത് എമ്പുരാൻ എന്ന സിനിമയിലെ 36-ാമത്തെ ക്യാരക്ടർ പോസ്റ്ററാണ്. അടുത്ത ദിവസങ്ങളിൽ അണിയറപ്രവർത്തകർ മറ്റ് ക്യാരക്ടർ പോസ്റ്ററുകളും പുറത്തുവിടും.

തീ കത്തി രണ്ടായി കീറി പോയ തുണിയുടെ മറവില്‍ വെള്ള ഷര്‍ട്ട് അണിഞ്ഞ് ഒരാള്‍ നില്‍ക്കുന്ന എമ്പുരാന്‍ പോസ്റ്റര്‍ വലിയ ചര്‍ച്ചയായിരുന്നു. ഷര്‍ട്ടില്‍ ഒരു ഡ്രാഗണിന്‍റെ ചിത്രവുമുണ്ട്. മോഹന്‍ലാലിനേയും ഈ പോസ്റ്ററില്‍ അവ്യക്തമായി കാണാം. മോഹന്‍ലാലിന്‍റെ പുതിയ പോസ്റ്റോടെ ഈ വെള്ള ഷര്‍ട്ടുകാരന്‍ ഫഹദാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഈ പോസ്റ്റര്‍ പുറത്തുവന്ന സമയത്ത് ഇത് മമ്മൂട്ടി ആണെന്നും അതല്ല ബേസില്‍ ജോസഫാണെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.