മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻതാര. ഇന്നാണ് നയൻതാര സെറ്റിലെത്തിയത്. കൊച്ചിയിൽ നടക്കുന്ന ചിത്രത്തിന്റെ അഞ്ചാമത്തെ ഷെഡ്യൂളിലേക്കാണ് താരം എത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള നയൻതാരയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു.
നയൻതാര- മമ്മൂട്ടി കോമ്പോ ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് ‘എംഎംഎംഎൻ’. രാപ്പകൽ, ഭാസ്കർ ദ റാസ്കൽ, പുതിയനിയമം എന്നിവയായിരുന്നു മുൻപ് ഈ ജോഡികൾ ഒന്നിച്ച ചിത്രം. മെഗാസ്റ്റാറും ലേഡി സൂപ്പർ സ്റ്റാറും വീണ്ടും ഒന്നിക്കുമ്പോൾ സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾക്ക് ആക്കം ഏറുകയാണ്. അതേസമയം, ഇരുവരും പെയർ ആയിട്ടാണോ അഭിനയിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിൽ തന്നെ ഏറെ ശ്രദ്ധനേടിയിരിക്കുന്ന ചിത്രമാണ് ‘എംഎംഎംഎൻ’. ഒപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഉണ്ട്. കഴിഞ്ഞ ആഴ്ച നടി രേവതിയും ചിത്രത്തിൽ ജോയിൻ ചെയ്തിരുന്നു. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി തുടങ്ങിയവരും മഹേഷ് നാരായണൻ പടത്തിന്റെ ഭാഗമാണ്.
ശ്രീലങ്കയില്‍ ആയിരുന്നു മഹേഷ് നാരായണന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇവിടെ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി. യുഎഇ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലായി ഓരോ ഷെഡ്യൂളുകളും പൂര്‍ത്തിയാക്കി. കൊച്ചിയില്‍ ഷൂട്ട് കഴിഞ്ഞാല്‍ പതിനാലാം തീയതി മുതല്‍ ദില്ലിയിലാകും പുതിയ ഷെഡ്യൂള്‍ നടക്കുക. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
content highlight: nayanthara-join-hands-again-with-mammootty