Thrissur

12കാരന്‍റെ ജനനേന്ദ്രിയത്തിൽ സ്റ്റീല്‍ മോതിരം കുടുങ്ങി, 2 ദിവസം മിണ്ടിയില്ല, നീരുവച്ചു, ഒടുവിൽ രക്ഷകർ ഡോക്ടർമാർ

കുളിക്കുന്ന സമയത്തു കുട്ടി അബദ്ധത്തില്‍ കട്ടിയുള്ള സ്റ്റീല്‍ മോതിരം ജനനേന്ദ്രിയത്തില്‍ ഇടുകയായിരുന്നു.

തൃശൂര്‍: കട്ടിയുള്ള സ്റ്റീല്‍ മോതിരം ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ കുട്ടിക്ക്  തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രക്ഷകരായി. ഒറ്റപ്പാലം സ്വദേശിയായ 12 വയസുകാരനെയാണ് ഡോക്ടർമാർ രക്ഷിച്ചത്. കുളിക്കുന്ന സമയത്തു കുട്ടി അബദ്ധത്തില്‍ കട്ടിയുള്ള സ്റ്റീല്‍ മോതിരം ജനനേന്ദ്രിയത്തില്‍ ഇടുകയായിരുന്നു.

ഭയം മൂലം കുട്ടി രണ്ട് ദിവസത്തേക്ക് രക്ഷിതാക്കളെ ഇക്കാര്യം അറിയിച്ചില്ല. അപ്പോഴേക്കും മോതിരം മുറുകി ജനനേന്ദ്രിയത്തില്‍  നീര്‍ക്കെട്ടും വീക്കവും സംഭവിച്ചതിനാല്‍ അത് ഊരി എടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. മൂന്നാം ദിവസം ഇക്കാര്യം അറിഞ്ഞ മാതാപിതാക്കള്‍ ഉടനെ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

കുട്ടിയെ ശിശു ശസ്ത്രക്രിയ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തരമായി ചികിത്സയ്ക്ക് വിധേയനാക്കി. നല്ല കട്ടിയുള്ള സ്റ്റീല്‍ മോതിരമായിരുന്നതു കൊണ്ടും അത് വളരെയധികം മുറുകിയിരുന്നത് കൊണ്ടും ലോക്കല്‍ അനസ്തേഷ്യയില്‍ സാധാരണ സ്റ്റീല്‍ കട്ടര്‍ കൊണ്ട് മോതിരം മുറിച്ചെടുക്കാന്‍ സാധിച്ചില്ല. പിന്നീട് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് അത്യന്തം ശ്രമകരമായാണ് മോതിരം മുറിച്ചെടുത്തത്. പിന്നീട് രണ്ടു ദിവസത്തെ ചികിത്സയ്ക്കുശേഷം കുട്ടി പൂര്‍ണ ആരോഗ്യവനായി ആശുപത്രി വിട്ടു.

ശിശു ശസ്ത്രക്രിയ വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. നിര്‍മല്‍ ഭാസ്‌കറിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി. സന്തോഷ്, ഡോ. ശശികുമാര്‍, ഡോ. ജിതിന്‍, ഡോ. ജോസ്, ഹൗസ് സര്‍ജന്‍ ഡോ. ഷിഫാദ്, സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ ശ്രീദേവി ശിവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. നഴ്‌സിങ് ഓഫീസര്‍ പ്രീജ, സീന, അഞ്ജന എന്നിവരും ചികിത്സാ സംഘത്തില്‍ ഉണ്ടായിരുന്നു. സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. രാധിക എം, പ്രിന്‍സിപ്പല്‍ ഡോ. അശോകന്‍ എന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സനല്‍കുമാര്‍ ബി. എന്നിവര്‍ കാര്യങ്ങള്‍ ഏകോപിപ്പിച്ചു.

content highlight : thick-steel-ring-stuck-in-boy-s-genitals