കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ വേനൽക്കാലത്ത് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ചുണ്ടിന്റെ വരൾച്ച. ചുണ്ടിനു വല്ലാതെ വരൾച്ച തോന്നുമ്പോൾ ചിലർ നാവുകൊണ്ട് ചുണ്ട് നനച്ചു കൊടുക്കും. മറ്റു ചിലരാകട്ടെ ചുണ്ടിലെ തൊലി വലിച്ചിളക്കാനാകും ശ്രമിക്കുക. ഇങ്ങനെയൊക്കെ ചെയ്യുന്നത് ചുണ്ടിന്റെ ആരോഗ്യവും ഭംഗിയും നശിപ്പിക്കും. കുറച്ചൊന്നു ശ്രദ്ധിച്ചാൽ വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് ചുണ്ടിനെ വരൾച്ചയിൽ നിന്നു രക്ഷിക്കാം.
ദാഹിച്ചാലും ഇല്ലെങ്കിലും വേനൽക്കാലത്ത് ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. വെള്ളം കുടിക്കാൻ തീരെ താൽപര്യമില്ലാത്തവർ കൂടുതൽ ജലാംശമടങ്ങിയ വെള്ളരി, തണ്ണിമത്തൻ, ഓറഞ്ച് പോലെയുള്ള ഫലവർഗങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വൈറ്റമിൻ സി അടങ്ങിയ ഫലങ്ങൾ ശരീരത്തിന്റെ ഇലാസ്തികത നിലനിർത്താനും അതുവഴി ചർമത്തിന്റെയും ചുണ്ടുകളുടെയും വരൾച്ച നിയന്ത്രിക്കാനും സഹായിക്കും.
വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ എസ്പിഎഫ് 50 നു മുകളിലുള്ള സൺസ്ക്രീനുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുന്നവരിൽ പലരും ലിപ്ബാമിന്റെ കാര്യം വരുമ്പോൾ അശ്രദ്ധ കാട്ടാറാണ് പതിവ്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മികച്ച എസ്പിഎഫ് സുരക്ഷ പ്രധാനം ചെയ്യുന്ന ലിപ്ബാമുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വരണ്ട ചുണ്ടിലെ തൊലി വലിച്ചിളക്കി അവിടെ മുറിവുകളുണ്ടാകുന്നത് വേനൽക്കാലത്തു പതിവാണ്. എന്നാൽ അൽപമൊന്നു ശ്രദ്ധിച്ചാൽ വേദനയില്ലാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. വീട്ടിലും തൊടിയിലുമുള്ള പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് സ്ക്രബ് ചെയ്താൽ ചുണ്ടിലെ മൃതകോശങ്ങളെ അനായാസം അകറ്റാം. പാൽ, തേൻ, പഞ്ചസാര, കാപ്പിപ്പൊടി, വെളിച്ചെണ്ണ, കറ്റാർവാഴ തുടങ്ങിയ വസ്തുക്കൾ ചുണ്ടിൽ പുരട്ടി സാവധാനം സ്ക്രബ് ചെയ്താൽ മൃതകോശങ്ങളിളകി മനോഹരമായ ചുണ്ടുകൾ ലഭിക്കും.
നാവുകൊണ്ട് ഇടയ്ക്കിടെ നനച്ചു തുടയ്ക്കുന്നത് ചുണ്ടുകളുടെ വരൾച്ച കുറയാൻ നല്ലതാണെന്ന് ചിലരെങ്കിലും ധരിച്ചു വച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും അങ്ങനെ ചെയ്യരുത്. ഉമിനീരു കൊണ്ട് ചുണ്ടുകൾ നനയ്ക്കുമ്പോൾ താൽക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും അങ്ങനെ ചെയ്യുന്നതിലൂടെ ചുണ്ടിന്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുകയാണ്. പകൽ വെളിച്ചെണ്ണ പുരട്ടിയോ രാത്രി കിടക്കുമ്പോൾ കറ്റാർവാഴനീരു പുരട്ടിയോ ചുണ്ടിന്റെ വരൾച്ച തടയാം.