Celebrities

കുത്തേറ്റപ്പോള്‍ എന്തിന് ഓട്ടോയില്‍ പോയി? വീട്ടില്‍ ഡ്രൈവറില്ലേ? 5 ദിവസത്തില്‍ സുഖപ്പെട്ടോ? സെയ്ഫ് പറയുന്നു

വീട്ടിൽ വച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട സംഭവം ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഒരു ബോളിവുഡ് സെലിബ്രിറ്റിയുടെ വീടിന് ഇത്രയേ സുരക്ഷ ഉള്ളൂ? പരിക്കേറ്റ താരം എന്തിന് ഓട്ടോയിൽ ആശുപത്രിയിൽ പോയി? 5 ദിവസത്തില്‍ സുഖപ്പെട്ടോ? തുടങ്ങി പല തരത്തിലുള്ള ചോദ്യങ്ങളും സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ സജീവമായി. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ മൗനം അവസാനിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സെയ്ഫ് അലി ഖാന്‍. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

“തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഡ്രൈവര്‍ ഉണ്ട്. പക്ഷെ ഡ്രൈവര്‍മാര്‍ സാധാരണ ഗതിയില്‍ രാത്രി ഇവിടെ തങ്ങാറില്ല. അവര്‍ക്കും വീടില്ലേ? രാത്രിയില്‍ ഞങ്ങള്‍ക്ക് മറ്റു പരിപാടികളൊന്നും ഇല്ലാത്ത ദിവസം ഡ്രൈവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകും. ഞങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ രാത്രി ഇവിടെ നിൽക്കാറുള്ളു. വീട്ടില്‍ രാത്രിയുണ്ടാവുക അത്യാവശ്യമുള്ള കുറച്ച് ജീവനക്കാര്‍ മാത്രമാണ്.

അന്ന് വണ്ടിയുടെ ചാവി കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ തന്നെ ഓടിക്കാന്‍ ശ്രമിച്ചേനെ. ഭാഗ്യത്തിന് ചാവി കിട്ടിയില്ല. ഡ്രൈവറെ വിളിച്ചു വരുത്തി പോകാനുള്ള സമയം അപ്പോള്‍ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഓട്ടോക്കാരനെ കിട്ടുന്നത്. ഇപ്പോള്‍ ഞാന്‍ പെട്ടെന്ന് സുഖം പ്രാപിച്ച കാര്യം പറഞ്ഞ് ചിലര്‍ അദ്ഭുതപ്പെടുന്നുണ്ട്. ചിലര്‍ പരിഹസിക്കുന്നുണ്ട്. എനിക്കതില്‍ പ്രശ്‌നമില്ല. ചിലര്‍ അങ്ങനെയാണ്. ഈ ലോകത്ത് എല്ലാ തരത്തിലുമുള്ള ആളുകളുണ്ട്.”

പരുക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചത് ഏറെ സംശയങ്ങൾക്കു വഴി വച്ചിരുന്നു. താരത്തിന്റെ ബാന്ദ്രയിലെ വീട്ടിൽനിന്ന് 2 കിലോമീറ്റർ അകലെയാണ് ആശുപത്രി. രക്തത്തിൽ കുളിച്ച് ഓട്ടോയിൽ കയറിയത് സെയ്ഫ് ആണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ലെന്ന് പിന്നീട് ഈ ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തിയിരുന്നു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ മനസ്സു കാണിച്ച ഓട്ടോ ഡ്രൈവറെ പിന്നീട് സെയ്ഫ് നേരിട്ടു കണ്ട് നന്ദി അറിയിച്ചത് വലിയ വാർത്തയായിരുന്നു. വലിയൊരു തുക പാരിതോഷികവും നൽകി.