തന്റെ അഭിനയമികവ് കൊണ്ട് വലിയൊരു ആരാധകവൃന്ദത്തെയാണ് സഞ്ജയ് ദത്ത് സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സിനിമകള്‍ പോലെ തന്നെ ജീവിതവും പലപ്പോഴും വാര്‍ത്തകളിലിടം പിടിക്കുന്നുണ്ട്. ഇപ്പോൾ ഇതാ അദ്ദേഹത്തിനായി 72 കോടിയുടെ സ്വത്ത് എഴുതിവെച്ചിരിക്കുകയാണ് ആരാധികയായ നിഷാപാട്ടീല്‍.
ഇങ്ങനെയും ഒരു ആരാധനയോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ ഇപ്പോൾ പുറത്ത് വരുന്നത്. 2018-ല്‍ മുംബൈയില്‍ നിന്നുള്ള വീട്ടമ്മയായ നിഷ പാട്ടീലാണ് മരണശേഷം തന്റെ 72 കോടി വിലമതിയ്ക്കുന്ന സ്വത്തുകള്‍ സഞ്ജയ് ദത്തിന്റെ പേരിലേയ്ക്ക് വില്‍പ്പത്രം തയ്യാറാക്കിവെച്ചത്. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും അവര്‍ സഞ്ജയ് ദത്തിനെ നേരിട്ട് കണ്ടിട്ടില്ല.
എന്നാല്‍ അവസാന കാലത്ത് മാരകമായ രോഗത്തോട് പൊരുതി ജീവിതത്തോട് വിടപറഞ്ഞ നിഷ പാട്ടീലിന്‍റെ വില്‍പ്പത്രമാണ് എല്ലാവരെയും ഞെട്ടിച്ചത്. തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നു.
തന്റെ ആരാധിക ഇത്രയും വലിയൊരു നടപടി സ്വീകരിച്ചിട്ടും, സ്വത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നാണ് സഞ്ജയ് ദത്തിന്‍റെ നിലപാട്. നിഷ പാട്ടീലിനെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും ഈ സാഹചര്യത്തില്‍ താന്‍ വളരെയധികം വേദനിക്കുവെന്നുമായിരുന്നു താരത്തിന്‍റെ പ്രതികരണം. 72 കോടി രൂപയുടെ സ്വത്ത് അവകാശപ്പെടാന്‍ നടന് ഉദ്ദേശ്യമില്ലെന്നും സ്വത്തുക്കള്‍ നിഷയുടെ കുടുംബത്തിന് തിരികെ നല്‍കുന്നതിന് ആവശ്യമായ ഏത് നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു. ‘
ഞാന്‍ ഒന്നും അവകാശപ്പെടില്ല, എനിക്ക് നിഷയെ അറിയില്ലായിരുന്നു, മുഴുവന്‍ സംഭവവും എന്നെ വളരെയധികം അസ്വസ്ഥനാക്കിയിരിക്കുന്നു’ സഞ്ജയ് പറഞ്ഞു.
ഒരു സിനിമയ്ക്ക് 8-15 കോടി രൂപ പ്രതിഫലം വാങ്ങുന്ന താരമായ സഞ്ജയ് ദത്തിന്‍റെ ആസ്തി 295 കോടിയാണ്. കൂടാതെ ക്രിക്കറ്റ് ടീമുകളുടെ സഹ ഉടമസ്ഥാവകാശവുമള്ള താരത്തിന് മുംബൈയിലും ദുബായിലുമായി ആഡംബര വാഹനങ്ങളും സ്വത്തുക്കളുമുണ്ട്.