വിവാഹവിശേഷങ്ങൾ പങ്കുവച്ച് മതിവരാതെ കീർത്തി സുരേഷ്. വിവാഹദിനത്തിലെ കൂടുതൽ ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവച്ചു. തമിഴ് ശൈലിയിൽ മടിസാർ സാരി അണിഞ്ഞുള്ള ചിത്രങ്ങളും അമ്മ മേനകയുടെ വിവാഹസാരി ധരിച്ചുള്ള ചിത്രങ്ങളുമാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മടിസാർ സാരിയിൽ താലി കെട്ടിയപ്പോൾ എന്ന അർത്ഥത്തിൽ ഹാഷ് ടാഗും കീർത്തി ചിത്രങ്ങൾക്കൊപ്പം ചേർത്തിരുന്നു.
വിവാഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ ധരിക്കാൻ അമ്മ മേനകയുടെ 30 വർഷം പഴക്കമുള്ള പട്ടുസാരിയാണ് കീർത്തി തിരഞ്ഞെടുത്തത്. പ്രശസ്ത ഡിസൈനർ അനിത ഡോംഗ്രേ തയ്യാറാക്കിയ ബ്ലൗസ് പെയർ ചെയ്തായിരുന്നു അമ്മയുടെ സാരിക്ക് കീർത്തി മേക്കോവർ നൽകിയത്.
മേനക പണ്ട് വധുവായി ഒരുങ്ങി നിൽക്കുന്ന ചിത്രവും, അതേ സാരി കീർത്തി ഉടുത്തു നിൽക്കുന്ന പുതിയ ചിത്രവും ചേർത്ത കൊളാഷും താരം പങ്കുവച്ചിരുന്നു. ആരാധകരുടെ കയ്യടി നേടിയ ചിത്രമായിരുന്നു ഇത്. കീർത്തിയുടെ ലാളിത്യവും അമ്മയോടുള്ള സ്നേഹവും ഇതിലൂടെ പ്രകടമാണെന്ന് ആരാധകർ പറയുന്നു.
മഞ്ഞയും പച്ചയും നിറത്തിലുള്ള മടിസാരിയിലാണ് കീർത്തി താലികെട്ടിനെത്തിയത്. ആ സാരിയും ഏറെ സ്പെഷലാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സാരിയുടെ ഏറ്റവും വലിയ പ്രത്യേകത തമിഴിൽ കീര്‍ത്തിയെഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് എന്നതാണ്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്. ആ കവിതയും കീർത്തി ആരാധകർക്കായി കുറിച്ചിട്ടുണ്ട്.
ദീര്‍ഘ കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായത്. ഗോവയില്‍ ഡിസംബര്‍ 12നായിരുന്നു വിവാഹം. തമിഴ് ബ്രാഹ്മണാചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലും വിവാഹ ചടങ്ങുകൾ നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.