ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ആറ് ജനറേറ്റര്‍ യൂണിറ്റുകളുടെ ശേഷി വര്‍ദ്ധിപ്പിച്ച് നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ (RMU) ഏറ്റെടുത്ത് നടപ്പാക്കിയത് ഓസ്ട്രിയ ആസ്ഥാനമായ VA Tech Hydro എന്ന സ്വകാര്യ കമ്പനിയാണ്. ഈ സ്ഥാപനം പിന്നീട് ANDRITZ Hydro GmbH ഏറ്റെടുക്കുകയുണ്ടായി. 2007ല്‍ RMU പൂര്‍ത്തീകരിച്ച നാലാം നമ്പര്‍ ജനറേറ്റര്‍ യൂണിറ്റ് ഗ്യാരണ്ടി കാലയളവില്‍ 2008 മെയ് 16-ന് പൊട്ടിത്തെറിക്കുകയുണ്ടായി. ഈ അപകടത്തില്‍ 2 കെ.എസ്.ഇ.ബി. ഓഫീസര്‍മാര്‍ ഉള്‍പ്പടെ മൂന്ന് ജീവനുകള്‍ നഷ്ടമായി.
സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ (CEA) വിദഗ്ധ പരിശോധനയില്‍, ടര്‍ബൈന്‍ തകരാറാണ് പൊട്ടിത്തെറിയ്ക്ക് കാരണമായതെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് കരാര്‍ കമ്പനിക്കെതിരെ (ആന്‍ഡ്രിറ്റ്‌സ് ഹൈഡ്രോ) 51.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. 2011ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ ആന്‍ഡ്രിറ്റ്‌സ് ഹൈഡ്രോ, ബോര്‍ഡിനെതിരെ 10.25 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇതേ കോടതിയില്‍ 2012ല്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
ഈ കേസുകള്‍ നടന്നു വരികയായിരുന്നു. എന്നാല്‍ ഈ കേസ് ബോര്‍ഡ് പരിശോധിച്ചതില്‍ 2008 മുതല്‍ 2014 വരെയുള്ള ഉദ്പാദന നഷ്ടം, പലിശ നഷ്ടം, നവീകരണത്തിന് ചെലവഴിച്ച തുക, മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം എന്നിങ്ങനെ കെ.എസ്.ഇ.ബി.യ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉള്‍പ്പെടുത്തിയതായി കാണുന്നില്ല. ഈ വീഴ്ച എങ്ങനെ സംഭവിച്ചു എന്ന കാര്യം പരിശോധിക്കുന്നതാണ്. ഒത്തുതീര്‍പ്പിന് വിട്ടാലും ബോര്‍ഡ് ഫയല്‍ ചെയ്ത കേസിലെ നഷ്ടപരിഹാര തുക ഒരു കാരണവശാലും കുറയ്‌ക്കേണ്ടതില്ലെന്നതാണ് കെ.എസ്.ഇ.ബി.യുടെ നിലപാട്.
ദീര്‍ഘകാലമായി കോടതികളില്‍ മുടങ്ങിക്കിടക്കുന്ന വാണിജ്യ തര്‍ക്കം മധ്യസ്ഥം വഴി തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ സബ് കോടതി സ്വമേധയാല്‍ ഈ കേസ് ഒത്തുതീര്‍പ്പിന് 10.02.2025-ന് വിടുകയാണുണ്ടായത്. കേസ് നടത്തിപ്പില്‍ എന്തെങ്കിലും പോരായ്മകള്‍ കണ്ടെത്തുന്ന പക്ഷം പുതിയ കൗണ്‍സിലിനെ നിയോഗിക്കുന്നതടക്കമുള്ള തീരുമാനത്തിലേക്ക് ബോര്‍ഡ് പോകുമെന്നും KSEB അറിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകള്‍ വസ്തുതയ്ക്ക് നിരക്കാത്തതു കൊണ്ടാണ് KSEB വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
CONTENT HIGH LIGHTS; Moozhiyar Power House explosion: Attempt to settle case for less; KSEB says the news is untrue