അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുവെന്ന നിര്‍മാതാവ് ജി.സുരേഷ്കുമാറിന്‍റെ പ്രസ്താവനയ്‌ക്കെതിരെ നടന്‍ വിനായകന്‍. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കേണ്ട എന്ന് ഭാര്യയോടും മകളോടും പോയി പറഞ്ഞാല്‍ മതിയെന്നും താന്‍ നടനാണ്, സിനിമ നിര്‍മിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്നും ഇത് ഇന്ത്യയാണെന്നും വിനായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സിനിമ സുരേഷ്കുമാറിന്‍റെയും കൂടെ നില്‍ക്കുന്നവരുടെയും കുടുംബസ്വത്തല്ലെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
വിനായകന്‍റെ കുറിപ്പിങ്ങനെ: ‘സിനിമ തന്‍റെയും തന്‍റെ കൂടെ നിൽക്കുന്നവരുടേയും കുടുംബ സ്വത്താണോ മേനകാ സുരേഷ് കുമാറേ. അഭിനേതാക്കൾ സിനിമ നിർമിക്കണ്ട എന്ന് തന്‍റെ ഭാര്യയോടും മകളോടും പോയി പറഞ്ഞാ മതി. ഞാൻ ഒരു സിനിമ നടനാണ്. ഞാൻ സിനിമ നിർമിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യയാണ്. ജയ്‌ഹിന്ദ്.’
നേരത്തേ മലയാളത്തിലെ സിനിമ നിർമാതാക്കൾ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുയാണ് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി സുരേഷ്കുമാർ രംഗത്തുവന്നിരുന്നു. 100 കോടി രൂപ ഷെയര്‍ വന്ന ഒരു സിനിമ കാണിച്ചുതരുമോ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ സുരേഷ് കുമാര്‍ താരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു. തങ്ങളുടെ പടം 100 കോടി ക്ലബ്ബില്‍ കയറിയെന്ന് പറയുന്നത് നിര്‍മാതാക്കളല്ലെന്നും താരങ്ങള്‍ അവരെക്കൊണ്ട് പറയിപ്പിക്കുന്നതാണെന്നും സുരേഷ് കുമാര്‍ ആരോപിച്ചു. സ്വന്തം ഗതികേട് അറിയുന്ന നിര്‍മാതാക്കള്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
”കഴിഞ്ഞ വര്‍ഷം 200 സിനിമകള്‍ ഇറങ്ങിയതില്‍ ആകെ 24 സിനിമകള്‍ മാത്രമാണ് ഓടിയത്. വിജയശതമാനം എന്നു പറയുന്നത് വെറും 12 ശതമാനം മാത്രമാണ്. 176 ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. 650 – 700 കോടിക്കിടയിലാണ് സിനിമ രംഗത്ത് കഴിഞ്ഞ വര്‍ഷം നിര്‍മാതാക്കള്‍ക്ക് സംഭവിച്ച നഷ്ടം. പല നിര്‍മാതാക്കളും നാടുവിട്ടുപോകേണ്ട ഗതികേടിലാണ്.
ഒരു രീതിയിലും ഒരു നിര്‍മാതാവിന് സിനിമയെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ മലയാള സിനിമ. ഏറ്റവും വലിയ പ്രശ്‌നം നടീനടന്‍മാരുടെ പ്രതിഫലമാണ്. നമുക്ക് ചിന്തിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള പ്രതിഫലമാണ് താരങ്ങള്‍ വാങ്ങുന്നത്. അമിതമായ പ്രതിഫലമാണ് താരങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്. താരങ്ങള്‍ പ്രതിഫലം കുറയ്ക്കാതെ ഇനി മുന്നോട്ടുപോകാന്‍ സാധിക്കില്ല.” എന്നീ കാര്യങ്ങളാണ് ദിവസങ്ങൾക്കു മുൻപ് സുരേഷ് കുമാര്‍ പറഞ്ഞത്.
അതിനിടെ, താരങ്ങൾ സിനിമ നിർമിക്കുന്നതിനെയും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സുരേഷ് കുമാർ വിമർശിച്ചിരുന്നു.