Movie News

എമ്പുരാനിൽ ‘മണി’യായി മണിക്കുട്ടൻ; ക്യാരക്ടർ പോസ്റ്റർ എത്തി

മലയാള സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലൂസിഫർ നേടിയ വിജയം കൊണ്ട് തന്നെ എമ്പുരാന്റെ മേലും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ഇപ്പോഴിതാ എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്ററും വീഡിയോയും റിലീസ് ചെയ്തിട്ടുണ്ട്.

മണിക്കുട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററും വീഡിയോയുമാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മണി എന്നാണ് കഥാപാത്രത്തിന്റെ പേര്. എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിൽ ഒരു കഥാപാത്രത്തിന് മണിക്കുട്ടൻ ശബ്ദം നൽകിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

“ലൂസിഫറിൽ എന്റെ ശബ്ദം എന്റെ സാന്നിധ്യമായിരുന്നുവെങ്കിൽ… പിന്നെ എമ്പുരാനിൽ, അത് എന്റെ ശബ്ദം മാത്രമല്ല… എമ്പുരാനിൽ ഞാൻ യഥാർത്ഥത്തിൽ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്! ലൂസിഫറിൽ, സംവിധായകൻ പൃഥ്വിരാജ് ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്യാൻ എന്നെ വിളിച്ചു. ഞാൻ പോയി ഡബ്ബ് ചെയ്തു, അപ്പോൾ തന്നെ അദ്ദേഹത്തിന് അത് ശരിക്കും ഇഷ്ടപ്പെട്ടു. കാരണം, എനിക്ക് ട്രിവാൻഡ്രം സ്ലാങ്ങിൽ നന്നായി സംസാരിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അന്ന് അദ്ദേഹം എനിക്ക് വാക്ക് നൽകി; “ഈ സിനിമയ്ക്ക് എപ്പോഴെങ്കിലും ഒരു തുടർച്ചയുണ്ടെങ്കിൽ…. മണിക്കുട്ടന് അതിൽ ഒരു വേഷം ഉണ്ടാകും.” അദ്ദേഹം ആ വാഗ്ദാനം പാലിച്ചു… അങ്ങനെയാണ് എനിക്ക് എമ്പുരാനിൽ ഈ അത്ഭുതകരമായ കഥാപാത്രം ലഭിച്ചത്! ” മണിക്കുട്ടൻ പറഞ്ഞു.

”സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ പേരും മണിക്കുട്ടൻ എന്നാണ് ഞാൻ സിനിമയിൽ ചേരുമ്പോൾ എന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് ആളുകൾ എപ്പോഴും എന്നോട് ചോദിച്ചു. ആ കഥകൾ ഞാൻ നിങ്ങളുമായി നേരത്തെ പങ്കുവെച്ചിട്ടുണ്ട്. പക്ഷേ ഇതാ ഞാൻ വീണ്ടും മണിക്കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു! എന്റെ കഥാപാത്രത്തെ വളരെ മനോഹരമായി അദ്ദേഹം എനിക്ക് വിവരിച്ചു തന്നു… ചില രംഗങ്ങളെക്കുറിച്ച് ഒന്നും വെളിപ്പെടുത്തരുതെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് കൂടുതലൊന്നും പറയാൻ കഴിയാത്തത്. എന്നെപ്പോലെ തന്നെ നിങ്ങളെല്ലാവരും അത്ഭുതപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മാർച്ച് 27 ന് എമ്പുരാൻ തിയേറ്ററുകളിൽ എത്തുന്നു. ഞാൻ അവിടെ ഉണ്ടാകും, ആദ്യ ദിവസം, ആദ്യ ഷോ! ” മണിക്കുട്ടൻ പറഞ്ഞു.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.