ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച ത്രില്ലറുകള്‍ ഉണ്ടാകുന്ന ഇന്‍ഡസ്ട്രിയെന്ന് മലയാള സിനിമയെക്കുറിച്ച് മറുഭാഷാ പ്രേക്ഷകര്‍ പറയാറുണ്ട്. പലപ്പോഴും അത് സത്യവുമാണ്. എണ്ണത്തിലും ഈ ജോണറില്‍ ഏറ്റവുമധികം സിനിമകള്‍ വന്നുകൊണ്ടിരിക്കുന്നത് ഇന്ന് മലയാളത്തില്‍ നിന്നുതന്നെ ആയിരിക്കും. ഇപ്പോഴിതാ ഒടിടി റിലീസില്‍ അത്തരത്തില്‍ ഒരു ത്രില്ലര്‍ മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടുകയാണ്. അതിന്‍റെ ഔദ്യോഗിക കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.
ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഐഡന്‍റിറ്റി എന്ന ചിത്രമാണ് അത്. ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന റിലീസുകളില്‍ ഒന്നായി ജനുവരി 2 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സീ 5 ലൂടെ ജനുവരി 31 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം നേടുന്ന ട്രാക്ഷന്‍ സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ് സീ 5.
തങ്ങളുടെ പ്ലാറ്റ്‍ഫോമില്‍ 200 മില്യണ്‍ (20 കോടി) സ്ട്രീമിംഗ് മിനിറ്റുകളാണ് ചിത്രം നേടിയിരിക്കുന്നതെന്ന് സീ 5 അറിയിക്കുന്നു. റെക്കോര്‍ഡ് കാഴ്ച എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫോറെന്‍സിക് എന്ന ചിത്രത്തിന് ശേഷം അഖില്‍ പോളിനും അനസ് ഖാനുമൊപ്പം ടൊവിനോ എത്തുന്ന ചിത്രമാണ് ഐഡന്‍റിറ്റി. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്റ്റൈലിഷ് ലുക്ക് ആന്‍ഡ് ഫീലിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
content highlight : identity-malayalam-movie-got-200-million-streaming-minutes-in-zee-5