നാനിയെ നായകനാക്കി ജേഴ്‌സി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഗൗതം തന്നൂരി വിജയ് ദേവരകൊണ്ടയുമൊത്ത് ഒരുക്കുന്ന പുത്തൻ ചിത്രമാണ് ‘കിങ്ഡം’. ചിത്രത്തിന്റെ ടീസറുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുള്ള ടീസറാണ് റിലീസ് ചെയ്തത്. സൂര്യ, രൺബീർ കപൂർ, ജൂനിയർ എൻടിആർ എന്നിവരാണ് ടീസറിനായി വോയിസ് ഓവർ നൽകുന്നത്. ചിത്രം മേയ് 30ന് തിയറ്ററുകളിലെത്തും.
വമ്പൻ കാൻവാസിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കിങ്ഡം ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. സിനിമയ്ക്കായി വിജയ് ദേവരകൊണ്ട നടത്തിയ കടുത്ത പരിശീലനങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിജയ് ദേവരകൊണ്ടയുടെ ഗംഭീര മേക്ക്ഓവർ ആണ് ടീസറിൽ കാണാനാകുന്നത്. അനിരുദ്ധിന്റെ ഗംഭീര പശ്ചാത്തലസംഗീതവും ടീസറിന് മികവേറുന്നുണ്ട്.
സിനിമയുടെ തമിഴ് ടീസറിന് സൂര്യ ശബ്ദം നൽകുമ്പോൾ ഹിന്ദിയിൽ രൺബീർ കപൂറും തെലുങ്കിൽ ജൂനിയർ എൻടിആറും ശബ്ദം നൽകുന്നു. വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിത്താര എന്‍റര്‍ടെയ്മെന്‍റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാളികളായ ജോമോൻ ടി. ജോൺ, ഗിരീഷ് ഗംഗാധരൻ എന്നിവരാണ് ഛായാഗ്രഹണം.
STORY HIGHLIGHT: vijay deverakonda film kingdom teaser out