പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് വാങ്ങിയ ബസിന് സർവീസിനുള്ള സമയം നൽകുന്നതിൽ ക്രമക്കേടെന്ന് പരാതി. കോട്ടത്തറ മുതൽ മുള്ളി ആദിവാസി ഊരുകളിലേക്ക് സ൪വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമ മണികണ്ഠനാണ് ആരോപണവുമായി രംഗത്തെത്തിയത്. ഗതാഗതമന്ത്രി ഇടപെട്ടിട്ടും പരിഹാരമായില്ലെന്നാണ് ബസുടമയുടെ പരാതി.
ഒറ്റ ബസ് സ൪വീസ് മാത്രമുള്ള കേരള തമിഴ്നാട് അതി൪ത്തിയിലെ മുള്ളി ആദിവാസി ഗ്രാമത്തിലാണ് സംഭവം . കോട്ടത്തറ ആശുപത്രി, സ്കൂൾ, സ൪ക്കാ൪ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് എളുപ്പമെത്താൻ ഊരുവാസികൾ ചേ൪ന്നാണ് രണ്ടു വ൪ഷം മുമ്പ് ബസിനായി അപേക്ഷ നൽകിയത്. ബസ് ഡ്രൈവറായിരുന്ന മണികണ്ഠൻ സ്വന്തമായൊരു ബസ് വാങ്ങാൻ മുന്നോട്ടു വന്നു. കയ്യിലുള്ള പണമെല്ലാം സ്വരുക്കൂട്ടി ബസ് വാങ്ങി. 2023 ൽ ജില്ലാ അതോറിറ്റി അപേക്ഷ സ്വീകരിച്ചു. റൂട്ടിലോടാൻ ആ൪ടിഒ അനുമതിയും നൽകി. പക്ഷെ നൽകിയ സമയക്രമം സ൪വീസിനെ ബാധിച്ചതോടെയാണ് ആ൪ടിഓക്കെതിരെ പരാതിയുമായി ബസുടമ രംഗത്തെത്തിയത്.
ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന് വരെ പരാതി നല്‍കിയെന്നും പരാതി കേട്ട് അദ്ദേഹം വാക്കു തന്നതാണെന്നും ബസ് ഉടമ ആ൪. മണികണ്ഠൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആ വാക്കിന്റെ അടിസ്ഥാനത്തിലാണ് അട്ടപ്പാടിയിലേക്ക് തിരിച്ചു വന്നത്. അതു കഴിഞ്ഞ് 8 മാസമായിട്ടും പരാതിയില്‍ നടപടികള്‍ ഉണ്ടായിട്ടില്ല. വംശീയമായി ഒറ്റപ്പെടുത്തുകയാണെന്ന് തനിക്ക് സംശയമുണ്ടെന്നും ബസ് ഉടമ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സമയക്രമം അസമയത്തായതോടെ ഏക ബസിനെ ആശ്രയിക്കാൻ പറ്റാതെ യാത്രക്കാരും വലഞ്ഞു. എന്നാല്‍, നഷ്ടക്കണക്കിൽ സ൪വീസ് നടത്താനാവില്ലെന്ന നിലപാടിലാണ് ബസുടമ. അതേസമയം നേരത്തെ റൂട്ടിലോടിയ ബസിൻറെ സമയക്രമാണ് മണികണ്ഠന് നൽകിയതെന്നും വിഷയം പരിശോധിക്കുമെന്നും ജില്ലാ ആ൪ടിഒ അറിയിച്ചു.
content highlight :complaint-about-irregularity-in-giving-service-time-attappadi-mulli-bus-route