പാലക്കാട്: വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലാ പഞ്ചായത്തിൽ പത്ത് സീറ്റിൽ മത്സരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. നിലവിൽ അഞ്ച് സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഗഫൂർ കോൽക്കളമാണ് ആവശ്യവുമായി മുന്നോട്ട് വന്നത്. “പാലക്കാട് ജില്ലയുടെ രാഷ്ട്രീയ ചിത്രം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വലിയ മാറ്റം കണ്ടിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അത് വ്യക്തമായിരുന്നു. ഈ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പുതുമയുള്ള ഫലം പ്രതീക്ഷിക്കാം. അതിനനുസരിച്ച് മുസ്ലിം ലീഗും യുഡിഎഫും പുതിയ പദ്ധതികളുമായി മുന്നോട്ട് പോകും ,” ഗഫൂർ പറഞ്ഞു.
“ഔദ്യോഗിക തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണ്. ലീഗിന് കൂടുതൽ സീറ്റുകൾ വേണം. കോൺഗ്രസിന് ശേഷം മുന്നണിയിലെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് കുറഞ്ഞത് പത്ത് സീറ്റെങ്കിലും വേണം,” ഗഫൂർ പറഞ്ഞു.
ജില്ലാതല വാർഡ് വിഭജനങ്ങൾ യുഡിഎഫിന് അനുകൂലമായി മാറിയതായും തെരഞ്ഞെടുപ്പിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
















