Beauty Tips

മുഖം തിളങ്ങാൻ രാത്രി ഉറങ്ങുന്നതിനു മുൻപ് ഈ സിറം ഉപയോഗിച്ച് നോക്കൂ !

നമ്മൾ വിശ്രമിക്കുന്ന സമയം തന്നെയാണ് നമ്മുടെ ചർമത്തിനും വിശ്രമം ലഭിക്കുന്നത്. ആ സമയത്ത് നൽകുന്ന പരിചരണങ്ങൾ നല്ല ഫലം ചെയ്യും. ചർമത്തിന്റെ കേടുപാടുകളൊക്കെ മാറി ശരിയായി വരാൻ രാത്രിയിൽ ചർമം സ്വയം പരിചരിക്കണം. അതുപോലെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളും ച‍ർമത്തിലെ വീക്കവും ചൊറിച്ചിലുമൊക്കെ മാറ്റാൻ നല്ലതാണ് രാത്രിയിലെ ചർമ സംരക്ഷണം. അതിനായി ഒരു കിടിലം നൈറ്റ് സിറം തയാറാക്കാം.

ടീ ബാഗ്​

ടീ ബാഗുകൾ സുഷിരങ്ങളെ അൺലോക്ക് ചെയ്യാൻ സഹായിക്കുകയും ചർമത്തിലെ നിർജ്ജീവ കോശങ്ങൾ, അഴുക്ക്, മറ്റു മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്ത് ചർമത്തെ തിളക്കമുള്ളതാക്കി മാറ്റുന്നു.

വൈറ്റമിൻ ഇ

ആന്റി ഓക്‌സിഡന്റുകളുടെ ഒരു ശക്തികേന്ദ്രമാണ് വൈറ്റമിൻ ഇ. അൾട്രാവയലറ്റ് രശ്‌മികൾ കാരണമുണ്ടാകുന്ന ഫ്രീ റാഡിക്കലുകളുടെ ഫലങ്ങളെ ഇത് നിർവീര്യമാക്കി ചർമത്തെ സംരക്ഷിക്കുന്നു. കൂടാതെ സൂര്യതാപം മൂലമുണ്ടാകുന്ന ചൊറിച്ചിൽ തടയാനും വരണ്ട ചർമം മോയ്‌സ്‌ചറൈസ് ചെയ്യാനും വൈറ്റമിൻ ഇ സഹായിക്കും. ഒപ്പം ചർമത്തിലെ പാടുകൾ അകറ്റാൻ ഏറ്റവുമധികം സഹായിക്കുന്നു.

കറ്റാർവാഴ ജെൽ

മുഖത്തിന്റെ സ്വാഭാവികമായ ഈർപ്പവും പിഎച്ച് മൂല്യവും നിലനിർത്തുന്നതിനൊപ്പം ഏറെ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാർവാഴയ്ക്കുണ്ട്. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ എ, ബി, സി, കോളിൻ, ഫോളിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്.

സിറം തയാറാക്കാം

ആദ്യം ഒരു ഗ്ലാസിൽ അൽപം ചൂടുവെള്ളമെടുത്ത് അതിലേക്ക് ഒരു ടീ ബാഗ് മുക്കി വയ്ക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും, ഒരു വൈറ്റമിൻ ഇ ഗുളിക പൊട്ടിച്ചതും അൽപം വെളിച്ചെണ്ണയും നാരങ്ങ നീരും ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിലേക്കു നേരത്തെ തയാറാക്കി വച്ച കട്ടൻചായയും ഒഴിക്കുക. ഇതെല്ലാം നന്നായി യോജിപ്പിക്കുക. രാത്രിയിൽ ഈ സിറം മുഖത്തിട്ട് ഉറങ്ങുക. രാവിലെ കഴുകി വൃത്തിയാക്കാം. നിരന്തര ഉപയോഗത്തിനായി കുപ്പിയിലാക്കി മാറ്റി വയ്ക്കാം. ഫ്രിജിൽ സൂക്ഷിക്കുന്നത് കൂടുതൽ നല്ലതായിരിക്കും.