Beauty Tips

മുഖത്തെ അമിത രോമവളർച്ച ടെൻഷൻ അടിപ്പിക്കുന്നുണ്ടോ ?

മുഖത്തുണ്ടാകുന്ന അമിതമായ രോമവളർച്ച പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് കേവലം സൗന്ദര്യ സംബന്ധമായ ഒരു പ്രശ്നം മാത്രമല്ല. പല സ്ത്രീകൾക്കും ഇത് മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ കാരണമാകുന്നു. ഇത്തരത്തിൽ രോമം വളരാൻ കാരണം ഹോർമോൺ വ്യതിയാനം, പാരമ്പര്യം, ജീവിതശൈലി എന്നിവയൊക്കെ ആവാം.

ബ്ലീച്ച് ചെയ്ത് ഈ പ്രശ്നം പരിഹരിക്കാൻ പലരും ശ്രമിക്കും. മറ്റുചിലരാണെങ്കിൽ ഷേവ് ചെയ്ത് കളയും. എന്നാൽ ഷേവ് ചെയ്യുമ്പോൾ ഈ രോമവളർച്ച കൂടുക മാത്രമാണ് ചെയ്യുക. ചിലർ ആവട്ടെ ബ്യൂട്ടി പാർലറിൽ പോയി വലിയ വലിയ ട്രീറ്റ്‌മെന്റുകൾ എടുക്കും. ഇതിനായി ലേസർ ട്രീറ്റ്‌മെന്റുകൾ വരെ ലഭ്യമാണ്. എന്നാൽ നമ്മുടെ വീട്ടിൽ തന്നെ തയാറാക്കാവുന്ന ഒരു പാക്ക് നമുക്ക് പരിചയപ്പെടാം.

തേൻ

തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമത്തിന് ഏറെ നല്ലതാണ്. ചർമത്തിന് ഈർപ്പം നിലനിർത്താനും അതുപോലെ തിളക്കം കൂട്ടാനും തേൻ ഏറെ സഹായിക്കും.

പാൽ

പണ്ടുമുതലേ സൗന്ദര്യ സംരക്ഷണത്തിനു മികച്ച ഒന്നാണ് പാൽ. നമ്മുടെ മുത്തശ്ശിമാരൊക്കെ പാൽ അവരുടെ സൗന്ദര്യ സംരക്ഷണ ദിനചര്യയിൽ ഉപയോഗിക്കാറുണ്ട്. നല്ലൊരു ക്ലെൻസറായി പ്രവർത്തിക്കാൻ പാലിനു സാധിക്കും. പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചർമത്തിലെ മിക്ക പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ മികച്ചതാണ്.

ഓട്സ്

ആരോഗ്യമുള്ള ജീവിതശൈലി തുടർന്ന് പോകുന്നവർ ഏറ്റവും കൂടുതൽ കഴിക്കുന്ന ഒന്നാണ് ഓട്സ്. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന പല ഗുണങ്ങളും നമ്മുടെ ചർമത്തിനു വളരെ നല്ലതാണ്. ചർമത്തിൽ നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ ഓട്സിന് കഴിയും.

കരിഞ്ചീരകം

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് കരിഞ്ചീരകം. ചർമത്തിലെ തിണർപ്പും മറ്റും മാറ്റാൻ ഇത് ഏറെ സഹായിക്കാറുണ്ട്. കറുത്ത പാടുകൾ കളയാനും, ചർമത്തിലെ സുഷിരങ്ങളെ വ്യത്തിയാക്കി അഴുക്കിനെ കളയാനും ഒക്കെ കരിഞ്ചീരകം നല്ലതാണ്.

പായ്ക്ക് തയാറാക്കുന്ന വിധം

ആദ്യം പാടയില്ലാത്ത പാലിലേക്ക് കരിഞ്ചീരകം പത്ത് മിനിറ്റ് കുതിർത്ത് വയ്ക്കുക. ശേഷം ഇതിലേക്ക് ഓട്സ് പൊടിച്ചതും തേനും ചേർത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഈ പായ്ക്ക് മുഖത്ത് തേക്കാം. ഒരു 10 മുതൽ 20 മിനിറ്റ് വരെ വച്ചതിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ട് ദിവസം ഇത് ചെയ്യുന്നത് നല്ല ഗുണം നൽകും.