തമിഴ് സൂപ്പര്‍താരം രജനികാന്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. സ്ലോ മോഷൻ ഉള്ളത് കൊണ്ട് മാത്രമാണ് രജനികാന്ത് ഫീൽഡ് ഔട്ട് ആകാതിരിക്കുന്നതെന്നാണ് രാം ഗോപാൽ വർമ അഭിപ്രായപ്പെട്ടത്. അദ്ദേഹം നല്ല നടനാണോ എന്ന് ചോദിച്ചാൽ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാം ഗോപാൽ വർമയുടെ പ്രതികരണം.
‘ഒരു നടനും ഒരു താരവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രജനികാന്ത് ഒരു നല്ല നടനാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. സത്യയില്‍ മനോജ് ബാജ്പേയ് ചെയ്ത പോലൊരു കഥാപാത്രം രജനികാന്തിന് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. സ്ലോ മോഷന്‍ ഇല്ലാതെ രജനികാന്തിന് നിലനില്‍പ്പില്ല,’ ആര്‍ ജി വി പറഞ്ഞത് ഇങ്ങനെ.
ഒരു താരം ഒരു സാധാരണ കഥാപാത്രമാവുമ്പോള്‍ അത് നമ്മളെ നിരാശപ്പെടുത്തുന്നു. താരങ്ങള്‍ ദിവ്യപുരുഷന്‍മാരാണ്. അവര്‍ക്ക് സാധാരണക്കാരാവാന്‍ സാധിക്കില്ലെന്നും രാം ഗോപാല്‍ വര്‍മ കൂട്ടിച്ചേർത്തു.
അടുത്തിടെ വരാനിരിക്കുന്ന പൃഥ്വിരാജ്- മോഹൻലാൽ ചിത്രമായ എമ്പുരാനെ പ്രശംസിച്ചും രാംഗോപാൽ വർമ രംഗത്തെത്തിയിരുന്നു. അതുപോലെ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയേയും അഭിനന്ദിച്ചുള്ള ആർ ജി വിയുടെ പ്രസ്താവനയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
രാം ഗോപാൽ വർമയുടെ അഭിമുഖം വൈറലായതോടെ രജനികാന്ത് ആരാധകർ ഇളകി. സോഷ്യൽമീഡിയ വഴി സംവിധായകനുള്ള മറുപടികളും ട്രോളുകളും രജനി ആരാധകർ കൊടുത്ത് തുടങ്ങി. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് രജനികാന്ത്. എഴുപത്തിനാലുകാരനായ താരത്തിന്റെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ എല്ലാ തിരക്കും മാറ്റിവെച്ച് ആളുകൾ പ്രായഭേദമന്യേ തിയേറ്ററുകളിലേക്ക് എത്തുന്നത് അദ്ദേഹത്തിന്റെ സ്റ്റൈലും മാസും കാണാൻ വേണ്ടി മാത്രമാണ്.