Movie News

തിയേറ്ററില്‍ വൻ ഫ്ലോപ്, എന്നാൽ ഒടിടിയിൽ ഹിറ്റ്; രവി മോഹൻ ചിത്രം ട്രെൻഡിങ് ലിസ്റ്റിൽ !

രവി മോഹൻ, നിത്യ മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൃതിക ഉദയനിധി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതലിക്ക നേരമില്ലൈ’. റൊമാന്റിക് കോമഡി ജോണറിൽ കഥ പറയുന്ന ചിത്രത്തിന് തിയേറ്ററുകളിൽ പ്രതിക്ഷിച്ചതുപോലുള്ള വിജയം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. ജനുവരി 14 നു തിയേറ്ററുകളിൽ എത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ഒടിടിയിലൂടെ ലഭിക്കുന്നത്.

സിനിമയുടെ ഐഡിയ വളരെ മികച്ചതാണെന്നും എആർ റഹ്മാന്റെ സംഗീതം ഗംഭീരമാണെന്നുമാണ് പ്രതികരണങ്ങൾ. വളരെ മികച്ച പ്രകടനമാണ് സിനിമയിൽ നിത്യ മേനോൻ കാഴ്ച്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.

നിരവധി ആക്ഷൻ സിനിമകൾക്ക് ശേഷം ഒരു ഫീൽ ഗുഡ് സിനിമയിൽ രവി മോഹനെ കാണാനായ സന്തോഷവും പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് ഡാർക്ക് സിനിമകൾക്ക് ശേഷം എആർ റഹ്മാന്റെ വളരെ മികച്ച പശ്ചാത്തലസംഗീതം ആണ് സിനിമയിലേതെന്നും സിനിമ കണ്ടവർ കുറിക്കുന്നുണ്ട്. എന്തുകൊണ്ട് ഇത്ര നല്ല സിനിമയ്ക്ക് തിയേറ്ററിൽ വിജയം നേടാനാകാതെ പോയി എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്.

യോഗി ബാബു, വിനയ് റായ്, ലാൽ, ലക്ഷ്മി രാമകൃഷ്ണൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം നൽകുന്നത്. സിനിമയിലെ ‘യെന്നൈ ഇഴുക്കതടി’ എന്ന സിനിമയിലെ ഗാനം ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു.

വണക്കം ചെന്നൈ, കാളി എന്നീ സിനിമകൾക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതലിക്ക നേരമില്ലൈ’. റെഡ് ജെയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. എം. ഷേന്‍ഭാഗ മൂര്‍ത്തി, ആര്‍ അര്‍ജുന്‍ ദുരൈ എന്നിവരാണ് സിനിമയുടെ സഹനിര്‍മാതാക്കള്‍.

രവി മോഹൻ നായകനായി വന്ന ചിതമായി മുമ്പെത്തിയത് ബ്രദറായിരുന്നു. തിയേറ്ററുകളിൽ ചിത്രം വലിയ ഒരു വിജയമായില്ല. പ്രിയങ്ക മോഹൻ നായികയായി വന്ന ചിത്രത്തില്‍ ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍ ഛായാഗ്രാഹണം വിവേകാനന്ദ് സന്തോഷും സംഗീതം ഹാരിസ് ജയരാജുമാണ് നിർവഹിച്ചത്.