അജു വർഗീസ്, ജോണി ആന്‍റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്ത ‘സ്വർഗം’ എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. ഒക്ടോബര്‍ അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. നാല് മാസത്തോടടുക്കുമ്പോഴാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. ഫെബ്രുവരി 16 ന് ചിത്രം എത്തും. സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് ആൻഡ് ടീം ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിന് ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സംവിധായകൻ റെജിസ് ആന്റണിയും റോസ് റെജിസും ചേർന്ന് തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയ ചിത്രത്തിന്റെ കഥ ലിസി കെ ഫെർണാണ്ടസിന്റെതാണ്. സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം (‘ജയ ജയ ഹേ’ ഫെയിം), തുഷാര പിള്ള, മേരി ചേച്ചി (‘ആക്ഷൻ ഹീറോ ബിജു’ ഫെയിം), മഞ്ചാടി ജോബി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്സ്, സിൻഡ്രല്ല ഡോൺ മാക്സ് എന്നിവരും അഭിനയിക്കുന്നുണ്ട്. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ, അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്.
ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി എന്നിവർ വരികൾ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾക്ക് ബിജിബാൽ, ജിന്റോ ജോൺ, ലിസി കെ ഫെർണാണ്ടസ് എന്നിവരാണ് സംഗീതം പകരുന്നത്. പ്രശസ്തമായ ഒരുപിടി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ഇതാദ്യമായാണ് ഒരു സിനിമയ്ക്കായി ഗാനങ്ങൾ രചിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് കെ എസ് ചിത്ര, വിജയ് യേശുദാസ്, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരാണ്.
content highlight : swargam-malayalam-movie-ott-release-date-announced-aju-varghese-johny-antony