കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്‍.പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. അമ്മയുടെ പാതപിന്തുടര്‍ന്ന് രണ്ടുപേരും നൃത്തം പഠിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ നിഖില സിനിമയിലെത്തിയിരുന്നു. എന്നാല്‍ മൂത്ത സഹോദരിയായ അഖില പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില. ഏറെ നാളായി ആധ്യാത്മിക പാതയിലാണെന്നാണ് അഖിലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ സന്യാസ ദീക്ഷ സ്വീകരിച്ച് അവന്തികാ ഭാരതി എന്ന പേര് സ്വീകരിച്ചു .
ചേച്ചി സന്യാസം സ്വീകരിച്ചതില്‍ തനിക്ക് ഒരു ഞെട്ടലും ഉണ്ടായില്ലെന്നാണ് പറയുകയാണ് നിഖില. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില, ചേച്ചി സന്യാസം സ്വീകരിച്ചതിനെ കുറിച്ച് മനസ്സു തുറന്നത്.
”നിങ്ങളൊക്കെ ഇതിപ്പോഴല്ലേ കേൾക്കുന്നത്. എനിക്ക് ഇത് കുറേക്കാലമായി അറിയാവുന്ന ഒന്നാണ്. നമ്മുടെ വീട്ടിലുള്ള ഒരാള്‍ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് അറിയാമല്ലോ. ചേച്ചി പെട്ടെന്ന് ഒരു ദിവസം പോയി സന്യാസം സ്വീകരിച്ചതല്ല. അവളിത് വളരെ കാലങ്ങളായിട്ട് ആലോചിച്ച് എടുത്ത തീരുമാനമാണ്. എനിക്ക് അതില്‍ ഒരു ഞെട്ടലും തോന്നിയില്ല. എന്റെ ചേച്ചിയായി എന്നതാണ് ഈ അടുത്ത കാലത്ത് അവള്‍ക്കുണ്ടായ വലിയൊരു ബുദ്ധിമുട്ട്. അവള്‍ വളരെ എജ്യുക്കേറ്റഡാണ്. പിഎച്ച്ഡി കഴിഞ്ഞു. ഫുള്‍ ബ്രൈറ്റ് സ്‌കോളര്‍ഷിപ്പൊക്കെ കിട്ടി, ജെആര്‍എഫ് ഒക്കെയുള്ള, വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നമ്മളെക്കാള്‍ വലിയ നിലയില്‍ നില്‍ക്കുന്നൊരാളാണ്. ബുദ്ധിയുള്ള കുട്ടിയാണ്. അവളുടെ ലൈഫില്‍ അവള്‍ എടുക്കുന്ന ഒരു ചോയ്‌സിനെ നമ്മള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുക. എന്റെ ചേച്ചിക്ക് മുപ്പത്തിയാറ് വയസായി. 36 വയസ്സുള്ള ഒരാൾ അയാളുടെ ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങളെ നമ്മള്‍ എങ്ങനെ ചോദ്യം ചെയ്യും. അവള്‍ ആരോടും പറയാതെ പെട്ടെന്നൊരു ദിവസം പോയി ചെയ്ത കാര്യമല്ല. അവൾ ആത്മീയമായി ചായ്‌വുള്ളയാളാണ്. ഈ പറയുന്ന കാര്യങ്ങളും ശാസ്ത്രവുമൊക്കെ പഠിക്കുന്നുണ്ടായിരുന്നു.”
”പുറത്തു നിന്നു കാണുന്നവർ, ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് വളരെ അധികം സംസാരിച്ചിട്ട് ഒരാള്‍ അയാളുടെ സ്വാതന്ത്ര്യം എടുക്കുമ്പോൾ അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ഹിപ്പോക്രസിയാണ്. അവള്‍ അടിപൊളിയായിട്ടുള്ള ഒരാളാണ്.”
“ഞാന്‍ സിനിമയില്‍ അഭിനയിച്ചതിനെ ആരും ചോദ്യം ചെയ്തിട്ടില്ലല്ലോ. അതുപോലെ തന്നെയല്ലേ ഇതും. അവളുടെ തീരുമാനങ്ങളില്‍ ഞാന്‍ സന്തോഷവതിയാണ്. അവളുടെ തീരുമാനങ്ങള്‍ കറക്ടായിട്ടാകും എടുക്കുകയെന്ന് എനിക്ക് അറിയാം. എന്നെപ്പോലെ മണ്ടത്തരം പറ്റുന്നയാളല്ല. ഞാനാണ് അത് സ്വീകരിച്ചതെങ്കിൽ അതൊരു വാർത്തയായിരുന്നു. അവളുടെ കാര്യത്തില്‍ ആര്‍ക്കും ഞെട്ടലില്ല. അവൾ സമാധാനമായി ജീവിക്കുന്നു. അവള്‍ക്ക് വേണ്ടതെല്ലാം അവള്‍ ജീവിതത്തില്‍ ചെയ്തിട്ടുണ്ട്. അവൾ പല സ്ഥലങ്ങളിലും യാത്ര പോയിട്ടുണ്ട്. ഫോട്ടോഗ്രഫി, യാത്ര, ഭക്ഷണം എല്ലാം ഇഷ്ടമുള്ളയാളാണ്. ഇന്റിപെന്റന്റായ ഒരാള്‍ എന്നതിന് ഉദാഹരണമായി അവളെ കാണിക്കാം.”
”അവളുടെ തീരുമാനത്തില്‍ ഞാന്‍ ഞെട്ടിയില്ല. സാധാരണ ഒരു വീട്ടിൽ ആളുകൾ പഠിക്കും, ജോലി ചെയ്യും, കല്യാണം കഴിക്കും എന്നതാണല്ലോ. എന്റെ വീട്ടില്‍ ഒന്നും അങ്ങനെയല്ല, വ്യത്യസ്തമാണ്. എന്റെ അച്ഛന്‍ പഴയ നെക്‌സലേറ്റാണ്. ഞാൻ കമ്യൂണിസ്റ്റുകാരിയാണ്. അതൊക്കെ ആളുകളുടെ ചോയ്സ് അല്ലേ. നോർമലായിട്ടൊരു വീടല്ല അത്, എന്റെ വീട്ടില്‍ നോര്‍മലായിട്ട് എന്റെ അമ്മ മാത്രമേയുള്ളൂ. എന്റെ വീട്ടിൽ ഇതൊന്നും പ്രശ്നമല്ല. ഞങ്ങൾ എന്തും നേരിടാൻ റെഡിയാണ്. അതുകൊണ്ട് എന്റെ വീട്ടുകാർക്കോ നാട്ടുകാർക്കോ തോന്നാത്ത ഞെട്ടൽ വേറെയുള്ളവർക്കും വേണ്ടെന്നാണ് എനിക്കു തോന്നിയത്,” നിഖില വിമല്‍ പറയുന്നു.
content highlight: akhila-vimals-spiritual-journey