2013ൽ പുറത്തിറങ്ങിയ യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അപർണ ബാലമുരളി മലയാള സിനിമയിലെത്തുന്നത്. വിനീത് ശ്രീനിവാസൻ നായകനായ ഒരു സെക്കൻഡ് ക്ലാസ് യാത്രയിലൂടെ നായികയായി. എന്നാൽ, അപർണ ശ്രദ്ധിക്കപ്പെടുന്നത് മഹേഷിന്റെ പ്രതികാരത്തിലൂടെയാണ്.
പിന്നീട്, മലയാളത്തിൽ നിറസാന്നിധ്യമായി മാറി. തമിഴിലും കൈ നിറയെ അവസരങ്ങൾ അപർണയെ തേടിയെത്തി. സുരരൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് അർഹയായി. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖ നടിമാരില്‍ ഒരാളാണ് അപർണ്ണ ബാലമുരളി.
ഇപ്പോഴിതാ മറ്റൊരു അപൂർവ്വ നേട്ടവും മലയാളികളുടെ പ്രിയപ്പെട്ട താരത്തെ തേടി എത്തിയിരിക്കുകയാണ്. ഫോബ്സ് ഇന്ത്യ പുറത്തിറക്കിയ ‘30 അണ്ടർ 30’ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് അപർണ ബാലമുരളി.
എന്റർടെയ്ൻമെന്റ് കാറ്റഗറിയിലാണ് അപർണയുടെ നേട്ടം. ധനുഷ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘രായൻ’, ആസിഫ് അലി നായകനായ ‘കിഷ്കിന്ധാകാണ്ഡം’ എന്നിവയുൾപ്പെടെയുള്ള സിനിമകളിലെ അഭിനയം പരിഗണിച്ചാണ് അപർണ ബാലമുരളി തിരഞ്ഞെടുക്കപ്പെട്ടത്.
സ്റ്റൈലിഷായി ഒരുങ്ങിയ അപർണയുടെ ചിത്രസഹിതമാണ് ഫോബ്‌സ് ഇന്ത്യ ഈ വാർത്ത സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചത്. ‘അപർണ ബാലമുരളി എന്റർടെയ്ൻമെന്റ് വിഭാഗത്തിലെ വിജയികളിലൊരാളാണ്. ദേശീയ അവാർഡ് ജേതാവായ അപർണ ഇപ്പോൾ അൽപം സരസവും രസകരവുമായ പുതിയ വഴിയിലേക്ക് കടക്കാനൊരുങ്ങുകയാണ്’ എന്ന അടിക്കുറിപ്പോടു കൂടിയാണ് ഫോബ്‌സ് ഇന്ത്യ ചിത്രം പങ്കുവച്ചത്.
30 വയസ്സിന് താഴെയുള്ളവരുടെ പട്ടികയിൽ നടൻ രോഹിത് സറഫ്, ഫാഷൻ ഡിസൈനർ നാൻസി ത്യാഗി, കലാകാരനും സംരംഭകനുമായ കരൺ കാഞ്ചൻ, ചെസ്സ് ചാംപ്യൻ ഡി ഗുകേഷ് എന്നിവരും ഇടം നേടിയിട്ടുണ്ട്. ഫോർബ്സ് ഇന്ത്യ വർഷം തോറും 30 വയസ്സിന് താഴെയുള്ള പ്രമുഖ വ്യക്തികളുടെ പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്.
സംരംഭകർ, ഇന്‍ഫ്ലൂവന്‍സന്മാർ, ഡിസൈനർമാർ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിത്വങ്ങളെയാണ് ഫോബ്സ് ഈ പട്ടികയിലേക്ക് പരിഗണിക്കുന്നത്.