സുരേഷ് കുമാറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്തുവന്ന ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി വിനയൻ. മലയാള സിനിമ മേഖലയിൽ പരിഹരിക്കപ്പെടേണ്ടതായ നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിലും സമരം പോലുള്ള നടപടികളിൽ തീരുമാനമെടുക്കേണ്ടിയിരുന്നത് സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നുവെന്ന് വിനയന്‍ പറയുന്നു.
താരങ്ങളുടെ പ്രതിഫലം നിയന്ത്രിക്കാൻ പറ്റുന്ന സമയത്ത് സംഘടനകൾ ഒന്നും ചെയ്തില്ല. ഇവർ തന്നെയാണ് നിരക്ക് കൂട്ടി കൊടുത്തത്. ഇപ്പോ പിടിക്കാൻ പറ്റാത്ത അവസ്ഥയിലായെന്നും വിനയൻ കൂട്ടിച്ചേർത്തു.
‘‘മലയാള സിനിമ മേഖലയിൽ പരിഹരിക്കപ്പെടേണ്ടതായ നിരവധി പ്രശ്നങ്ങൾ ഉണ്ടെന്നുള്ളത് സത്യമാണ്. സർക്കാരിന്റെ വിനോദ നികുതി പോലുള്ളവ. അതിനെപറ്റിയൊക്കെ നിർമാതാവ് സുരേഷ് കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചതിൽ തെറ്റില്ല. സംഘടനയുടെ സമരമൊക്കെ ജനറൽബോഡി ഒക്കെ വിളിച്ച് തീരുമാനിക്കേണ്ട കാര്യമാണ് എന്നാണ് എന്റെ അഭിപ്രായം. ഇതൊക്കെ പറയേണ്ടത് പ്രസിഡന്റോ സെക്രട്ടറിയോ അല്ലേ ? ആണ് എന്ന കാര്യത്തിൽ സംശയമില്ല. നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരിക്കുന്ന പല കാര്യത്തോടും ഞാൻ യോജിക്കുന്നുണ്ട്.
ആന്റണിയും സുരേഷ് കുമാറുമൊക്കെ ഒരുമിച്ച് നീങ്ങിയിരുന്നവരാണല്ലോ. ഇവരൊക്കെയാണല്ലോ ചില സംഘടനകളെയൊക്കെ പൊളിക്കാനും മറ്റ് സംഘടനകളെ ഉണ്ടാക്കാനും ഒക്കെ ഒരുമിച്ച് നിന്നവർ. ഇപ്പോ ഇവരൊക്കെ തെറ്റിയതിന്റെ കാര്യമെന്താണെന്നു എനിക്കറിയില്ല. താരങ്ങളുടെ ശമ്പളം ചില കാലഘട്ടങ്ങളിലൊക്കെ കൂട്ടുന്നതിനു മുന്നിൽ നിന്നയാളാണ് സുരേഷ് കുമാർ. ഇപ്പോൾ തിരിച്ചു പറയുന്നു.
ഞാനൊക്കെ അസോസിയേഷനിൽ ചില സംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്ന് ശക്തമായി പറഞ്ഞ ആ കാലത്ത് സുരേഷ് കുമാർ അതൊന്നും പറ്റില്ലെന്നു പറഞ്ഞതാണ്. ഇപ്പോൾ അദ്ദേഹം തിരിച്ചു പറയുന്നതെന്താണെന്നു അറിയില്ല. ഞാനിപ്പോൾ സംഘടനയിലൊന്നും സജീവമല്ല. ഒരുമിച്ച് നിന്ന ഇവരൊക്കെ ഇപ്പോൾ തെറ്റാനുള്ള കാരണവും അറിയില്ല.
ഒരാളുടെ ശമ്പളം നിശ്ചയിക്കുന്നതിലോ അഭിനയിക്കാൻ പറ്റില്ല എന്നൊക്കെ പറയുന്നതിലോ നമുക്കൊന്നും ചെയ്യാനാകില്ല, അതിനു നിയമങ്ങളൊന്നുമില്ല. മിനിമം കൂലി ഉള്ളവരൊന്നും അല്ലല്ലോ താരങ്ങൾ. നിയന്ത്രിക്കാൻ പറ്റുന്ന സമയത്ത് സംഘടനകൾ ഒന്നും ചെയ്തില്ല. ഇവർ തന്നെയാണ് നിരക്ക് കൂട്ടി കൊടുത്തത്. ഇപ്പോ പിടിക്കാൻ പറ്റാത്ത അവസ്ഥയിലായി. അതാത് സംഘടകളുടെ ജനറൽബോഡി വിളിച്ചു കൂട്ടിയിട്ടു വേണമായിരുന്നു സമരത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാൻ.’’–വിനയന്റെ വാക്കുകൾ.