സിനിമ-സീരിയല്‍ മേഖലയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഡിംപിള്‍ റോസ്. വിവാഹത്തോടെ അഭിനയ മേഖലയില്‍ നിന്നും വിട്ടുനിന്നെങ്കിലും പിന്നീട് യുട്യൂബ് ചാനലിലൂടെ താരം സജീവമായിരുന്നു. തന്‍റെ കുടുംബ വിശേഷങ്ങളും ഡിംപിൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോൾ ജീവിതത്തിലെ സ്വപ്നതുല്യമായ മറ്റൊരു നേട്ടം അറിയിച്ചെത്തിയിരിക്കുകയാണ് ഡിംപിൾ. പുതിയ വ്ലോഗിലൂടെയാണ് താരം ആരാധകരെ ഈ സന്തോഷം അറിയിച്ചത്. ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ലക്ഷ്യത്തിലേക്കും ആഗ്രഹത്തിലേക്കും എത്തിയതിന്റെ സന്തോഷമാണ് ഡിംപിൾ പങ്കുവെച്ചിരിക്കുന്നത്.
സ്വന്തമായി ഒരു വീട് സ്വന്തമാക്കാൻ പോകുന്നു എന്നതാണ് ആ സന്തോഷം. എന്നാല്‍ വീട് എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കാരണമായ വരുമാനമാര്‍ഗമെന്താണെന്ന് വെളിപ്പെടുത്തുകയാണ് നടിയിപ്പോള്‍.
അത്യാവശ്യം നല്ലൊരു പിശുക്കത്തിയാണ് ഞാന്‍. എന്ത് വാങ്ങിക്കുമ്പോഴും പത്ത് വട്ടം ആലോചിച്ച്, ഇതെനിക്ക് അത്യാവശ്യമാണെന്ന് തോന്നിയാല്‍ മാത്രമേ ഞാന്‍ സാധനങ്ങള്‍ വാങ്ങിക്കുകയുള്ളു. അനാവശ്യമായി ഒന്നിനും കാശ് കളയാത്ത ആളാണ് ഞാന്‍. അങ്ങനെ കൂട്ടി കൂട്ടിയാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. എന്റെ വരുമാനമെന്ന് പറയുന്നത് യൂട്യൂബാണ്. പിന്നെ ഒരു സമയത്ത് എനിക്ക് ആശുപത്രി കേസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
അതിനായി ഉണ്ടായിരുന്നതൊക്കെ ചിലവഴിക്കേണ്ടി വന്നു. എന്റെ കൈയ്യില്‍ കിട്ടിയത് കൂട്ടിവെച്ച് പുതിയൊരു ലക്ഷ്യത്തിലേക്ക് എത്തി. അടുത്ത മാസം എന്റെ പിറന്നാളാണ്. 31 വയസിലേക്ക് എത്തുമ്പോള്‍ സ്വന്തമായി ഒരു വീട് സ്വന്തമാക്കുക എന്ന ലക്ഷ്യം സാധിക്കുന്നതിന്റെ സന്തോഷം തനിക്കുണ്ടെന്നും ഡിംപിള്‍ പറയുന്നു.
ഒത്തിരി ആളുകള്‍ അന്വേഷിച്ചിട്ടുള്ള ഒരു വള കാണിച്ച് കൊണ്ടാണ് തന്റെ സമ്പാദ്യശീലത്തെ കുറിച്ച് ഡിംപിള്‍ പറഞ്ഞത്. ഒരു കാലത്തും ഞാന്‍ ഇത്രയും വലിയ വള ഇടില്ല. പക്ഷേ ഇതെനിക്ക് ഒരു ഇന്‍വെസ്റ്റ്‌മെന്റാണ്. ഇത്രയും കാലത്തെ ജീവിതത്തില്‍ എന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചതൊക്കെ സ്വര്‍ണം കൊണ്ടാണ്. എന്റെ നാള് മൂലമാണ്. മൂലം നാളുള്ള പെണ്‍കുട്ടി മുക്കിലും മൂലയിലുമൊക്കെ സ്വര്‍ണം കൂട്ടിവെക്കുമെന്ന്.
ഈ പറഞ്ഞത് എന്റെ കാര്യത്തില്‍ ശരിയായിരുന്നു. എല്ലാ ആവശ്യത്തിനും എനിക്ക് സ്വര്‍ണം ഉപകാരമായി വന്നിട്ടുണ്ട്. മമ്മിയും മമ്മിയുടെ അമ്മയുമൊക്കെ ഇതുപോലെയായിരുന്നു. ഇത്തിരി രൂപ കിട്ടിയാലും സ്വര്‍ണം എടുത്ത് വെക്കും. അങ്ങനെ സ്വര്‍ണം വാങ്ങി സമ്പാദിക്കുന്നതാണ് ഞാന്‍ കണ്ട് വളര്‍ന്നത്. കുഞ്ഞിലെ മുതല്‍ ഞാനും വര്‍ക്ക് ചെയ്യുന്നുണ്ട്. അങ്ങനെ എനിക്ക് കിട്ടിയ തുകയെല്ലാം സേവ് ചെയ്ത് സ്വര്‍ണം വാങ്ങി.
കല്യാണവും ആശുപത്രി എമര്‍ജന്‍സിയ്ക്കുമൊക്കെ എനിക്ക് ആശ്വാസമായത് ഇതൊക്കെയാണ്. ഒരു മാസം ഒന്നേമുക്കാല്‍ ലക്ഷത്തോളം റെവന്യൂ വന്നപ്പോള്‍ അതില്‍ നിന്നും ബാക്കി വന്ന പൈസ കൊണ്ട് വാങ്ങിച്ചതാണ്. ഇന്ന് ഞാനത് വില്‍ക്കാന്‍ പോവുകയാണ്. മറ്റൊരു ലക്ഷ്യത്തിന് വേണ്ടിയാണ് ഞാന്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഫ്‌ളാറ്റാണ് ഡിംപിള്‍ വാങ്ങിക്കുന്നത്. 2028 ല്‍ പൂര്‍ത്തിയാവുകയുള്ളു. അതുവരെ തവണകളായിട്ടാണ് പണം അടക്കുന്നതെന്നും ഡിംപിള്‍ പറയുന്നു.