ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് ലുക്മാൻ അവറാൻ. ഇപ്പോഴിതാ വാലന്‍റൈൻസ് ദിനത്തിൽ ലുക്മാൻ കോളേജ് കുമാരനായി എത്തുന്ന ‘അതിഭീകര കാമുകൻ’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
ഒരു ഫീൽഗുഡ് കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. ഒരു കോളേജ് ക്ലാസ് മുറിയിൽ ഇരിക്കുന്ന നായകനും നായികയും പുറത്ത് ഒരു നിഴൽരൂപമായി കാലന്‍റെ രൂപത്തിലുള്ളൊരാളുമാണ് പോസ്റ്ററിലുള്ളത്. പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്‍തി ഗൗതം, ഗൗതം താനിയിൽ, സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. കാർത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഛായാഗ്രഹണം ശ്രീറാം ചന്ദ്രശേഖരൻ.
STORY HIGHLIGHT: lukman athibheekara kamukan first look out