പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടനയുടെ വൈസ് പ്രസിഡന്റ് ജി.സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തിനെതിരേ പരസ്യമായി പോസ്റ്റിട്ട ആന്റണി പെരുമ്പാവൂരിനെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സംഘടനയ്ക്കെതിരേ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുമെന്നാണ് താക്കീത്. ജൂൺ ഒന്നു മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നത് സംഘടനയുടെ ഔദ്യോഗിക തീരുമാനമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർത്താക്കുറിപ്പ് പുറത്തിറക്കി.
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഫെബ്രുവരി ആറിന് ഫിയോക്, ഫെഫ്ക, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തയോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ജൂൺ ഒന്നു മുതൽ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചിരുന്നു. ജി.സുരേഷ് കുമാർ പറഞ്ഞത് സംഘടനയുടെ ഭരണസമിതിയുടെ തീരുമാനമാണ്. ക്ഷണിക്കപ്പെട്ടിട്ടും യോഗത്തിൽ പങ്കെടുക്കാത്ത ആന്റണി പെരുമ്പാവൂർ ഭരണസമിതി തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ച ജി.സുരേഷ് കുമാറിനെതിരേ പോസ്റ്റിട്ടത് അനുചിതമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. കൂടാതെ സംഘടനക്കെതിരെയും വ്യക്തിപരവുമായ ഏത് നീക്കത്തെയും ഉത്തരവാദിത്തമുള്ള സംഘടന എന്ന നിലയിൽ പ്രതിരോധിക്കുമെന്നും സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
സിനിമാസമരം പ്രഖ്യാപിക്കാൻ സുരേഷ് കുമാർ ആരാണെന്നും വിഷയത്തിൽ അസോസിയേഷൻ തീരുമാനമെടുത്തിട്ടില്ലെന്നുമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ്. സമരം സിനിമയ്ക്ക് ഗുണകരമാവില്ലെന്ന ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഉൾപ്പെടെയുള്ള താരങ്ങൾ ഷെയർ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിശദീകരണവുമായി രംഗത്തെത്തിയത്.
STORY HIGHLIGHT: producers association against antony perumbavoor