ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഐഫോണ്‍ 16 സീരീസിനുള്ള വിലക്ക് മറികടക്കാന്‍ ആപ്പിളിന്‍റെ തന്ത്രപൂര്‍വമായ നീക്കം. ചരിത്രത്തിലാദ്യമായി ഇന്തോനേഷ്യയില്‍ ഐഫോണ്‍ നിര്‍മാണം ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ് ആപ്പിള്‍ എന്നാണ് റിപ്പോര്‍ട്ട്.
ഇന്തോനേഷ്യയില്‍ ആപ്പിള്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ കമ്പനിയുടെ സപ്ലൈയര്‍മാരുമായി കൂടിയാലോചിക്കുകയാണ് ആപ്പിള്‍. ഇന്തോനേഷ്യയില്‍ നാളിതുവരെ ആപ്പിളിന് അസെംബിളിംഗ് സംവിധാനമില്ല. ഏറ്റവും പുതിയ ഐഫോണ്‍ 16 സീരീസിന് ഇന്തോനേഷ്യയില്‍ നിലവില്‍ വില്‍പന നിരോധനമുണ്ട്. ഇത് പിന്‍വലിക്കാന്‍ ആപ്പിള്‍ അവിടുത്തെ സര്‍ക്കാരുമായി നീണ്ട ശ്രമങ്ങളിലാണ്. ഇന്തോനേഷ്യയില്‍ പ്രാദേശിക നിക്ഷേപം നടത്താന്‍ ആപ്പിളിന് കഴിയാതെ പോയതാണ് രാജ്യത്ത് ഐഫോണ്‍ 16 സീരീസ് വില്‍പന സാധ്യമാകാതിരിക്കാന്‍ കാരണമായത്. ഉപകരണങ്ങളുടെ 40 ശതമാനം ഭാഗങ്ങളും ഇന്തോനേഷ്യയില്‍ തന്നെ നിര്‍മിക്കുന്നവയാവണം എന്നാണ് ചട്ടം. ഇതുപ്രകാരം ഇന്തോനേഷ്യയില്‍ ആപ്പിള്‍, ഐഫോണ്‍ ഭാഗങ്ങള്‍ നിര്‍മിക്കാനുള്ള യൂണിറ്റുണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും പൂര്‍ത്തിയാക്കാനായിരുന്നില്ല. ഇതിന് ശേഷം എയര്‍ടാഗ് ട്രാക്കറുകള്‍ നിര്‍മിക്കാന്‍ ആപ്പിള്‍ ശ്രമിച്ചെങ്കിലും നിരോധനം നീങ്ങിയില്ല.
ആപ്പിള്‍ ഇന്തോനേഷ്യയില്‍ ഗാഡ്‌ജറ്റ് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നത് രാജ്യത്തിന്‍റെ ടെക് രംഗത്തിനും കരുത്താകും. അങ്ങനെ സംഭവിച്ചാല്‍ തെക്കുകിഴക്കേ ഏഷ്യയില്‍ ആപ്പിളിന് നിര്‍മാണ യൂണിറ്റുള്ള രണ്ടാമത്തെ രാജ്യമാകും ഇന്തോനേഷ്യ. വിയറ്റ്നാമാണ് ആദ്യ രാജ്യം. ആപ്പിള്‍ ഐഫോണ്‍ നിര്‍മാണ സൗകര്യം ഇന്തോനേഷ്യയില്‍ ആലോചിക്കുന്നതിനെ കുറിച്ചോ നിരോധനം നീക്കുന്നതിനെ കുറിച്ചോ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
content highlight : apple-looks-to-manufacture-iphones-in-indonesia-to-end-iphone-16-ban