വിവാഹം പെൺകുട്ടികളുടെ ജീവിതത്തിലെ സുപ്രധാന ദിവസമാണ്. ഏറ്റവും സുന്ദരിയായ എല്ലാവരും ആഗ്രഹിക്കുക. ഇന്ന് വിവാഹ ചടങ്ങുകൾ നിരവധിയാണ്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വിവാഹ ചടങ്ങുകൾ ആണ് നാം കാണുന്നത്. ഓരോ ചടങ്ങിനും അതിനനുസരിച്ച് വസ്ത്രം ധരിക്കുകയും ഒരുങ്ങുകയും ചെയ്യുന്നു. ഇത്രയും മേക്കപ്പ് ചർമ്മത്തിന് നൽകുമ്പോൾ അതിനുശേഷം ചർമത്തിന്റെ അവസ്ഥ എന്തായിരിക്കും? വിവാഹത്തിന് ഒരുങ്ങുന്നവർ ചർമ്മം എങ്ങനെ ശ്രദ്ധിക്കണമെന്ന് നോക്കാം..
മുഖം കഴുകണം
മേക്കപ്പ് ചെയ്യുന്നതിനു മുൻപും എല്ലാം കഴിഞ്ഞ് മേക്കപ്പ് അഴിക്കുമ്പോഴും മുഖം നന്നായി കഴുകണം. മേക്കപ്പ് ഇടുന്നത് എപ്പോഴും കഴുകി വൃത്തിയാക്കിയ ചർമത്തിൽ ആയിരിക്കണം. ഇല്ലെങ്കിൽ മുഖക്കുരു പോലുള്ള നിരവധി ചർമ പ്രശ്നങ്ങൾ ഉണ്ടാവും. അതുപോലെ തന്നെ ഉറങ്ങുന്നതിനു മുൻപ് മേക്കപ്പ് എല്ലാം നല്ല പോലെ കഴുകി കളയണം. ഇത് ചർമത്തിനു കേടുപാടുകൾ ഉണ്ടാക്കുന്നത് ഒരു പരിധിവരെ തടയും.
വിശ്രമം
ഓരോ ചടങ്ങിനു ശേഷവും ചർമത്തിനു ബ്രീത്തിങ് സ്‌പേസ് നൽകണം. വൈകിട്ട് നടക്കുന്ന ചടങ്ങാണെങ്കിൽ ഉച്ചയ്ക്ക് മേക്കപ്പൊക്കെ ചെയ്ത് വൈകിട്ട് അഴിച്ചു കളയാം. രാത്രി ഒരു നൈറ്റ് ക്രീമും തേച്ച് നന്നായി വിശ്രമിക്കുക. പിറ്റേന്ന് രാവിലെ തന്നെ വീണ്ടും മേക്കപ്പ് ഇടാൻ വരട്ടെ ചർമത്തിന് കൃത്യമായ കെയർ നൽകിയതിന് ശേഷം മാത്രം വീണ്ടും മേക്കപ്പ് ധരിക്കുക.
ടോണർ
ചർമത്തിലെ കേടുപാടുകൾ ഇല്ലാതാക്കാൻ മികച്ച വഴിയാണ് ടോണറിന്റെ ഉപയോഗം. ഇതിനായി ആദ്യം ടോണർ ഉപയോഗിച്ച് മുഖം തുടച്ചു വൃത്തിയാക്കുക. ചർമത്തിന്റെ സ്വാഭാവിക പിഎച്ച് ലെവൽ നിലനിർത്തുന്നതിനും ബാക്‌ടീരിയയിൽ നിന്നും സൂക്ഷ്‌മ ജീവികളിൽ നിന്നും ചർമത്തെ രക്ഷിക്കാനും ഇത് സഹായിക്കും. കുറച്ച് പഞ്ഞിയിലേക്ക് ടോണർ എടുത്ത് മുഖം നന്നായി തുടയ്‌ക്കുക. ടോണർ അല്ലെങ്കിൽ റോസ് വാട്ടറും ഉപയോഗിക്കാം.
ചുണ്ടിനും വേണം പ്രത്യേക ശ്രദ്ധ
വിവാഹം ആയത് കൊണ്ട് തന്നെ പല ബ്രാൻഡിലുള്ള പല നിറത്തിലുള്ള ലിസ്റ്റിക്കുകളാണ് ഒരു ചടങ്ങിനും ഉപയോഗിക്കുക. പലപ്പോഴും നിങ്ങളുടെ മേക്കപ്പ് ആർട്ടിസ്റ്റ് തന്നെയായിരിക്കും ലിപ്സ്റ്റിക്ക് കൊണ്ട് വരുന്നതും. അത് നിങ്ങളുടെ ചുണ്ടുകൾക്ക് എത്രത്തോളം മികച്ചതാണെന്ന് പറയാനും സാധിക്കില്ല അതുകൊണ്ടുതന്നെ എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് ചുണ്ട് നന്നായി വൃത്തിയാക്കുക. ശേഷം ഉറങ്ങുമ്പോൾ മികച്ച ഒരു ലിപ്ബാം ഉപയോഗിക്കുക.
content highlight: bridal-beauty-routine-for-glowing-skin