മലയാളികളുടെ സൗന്ദര്യ സങ്കല്പത്തിൽ മുടിയുടെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ. എന്നാൽ ഇന്ന് വളരെ വേഗമാണ് മുടി നരയ്ക്കുന്നത്. കറുത്ത ഇടതൂർന്ന മുടിയാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. എന്നാൽ പല കാരണങ്ങളാൽ കൂടി നേരത്തെ തന്നെ നരയ്ക്കാൻ തുടങ്ങുന്നു. നിങ്ങളുടെ ശരീരവും മനസ്സും ചെറുപ്പം ആയിരിക്കാം.. എന്നാൽ ഈ വെളുത്ത മുടിയിഴകൾ നിങ്ങളെ ഒരു വയസ്സൻ ആക്കി മാറ്റിയേക്കാം. പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാൻ തന്നെ നിങ്ങൾക്ക് മടി തോന്നിയേക്കാം. കുറച്ചൊക്കെ ശ്രദ്ധിച്ചാൽ ഈ വാർദ്ധക്യത്തിൽ നിന്ന് നിങ്ങൾക്ക് തന്നെ രക്ഷപ്പെടാം. നല്ല കറുത്ത കരുത്തുറ്റ മുടിയിഴകൾ സ്വന്തമാക്കാൻ എന്തൊക്കെ ചെയ്യാം എന്ന് നോക്കാം..
ഉരുളക്കിഴങ്ങിന്റെ തൊലി
പ്രകൃതിദത്ത ഹെയർ ഡൈ എന്ന രീതിയിൽ ഉരുളക്കിഴങ്ങിന്റെ തൊലി ഉപയോഗിക്കാവുന്നതാണ്. ഉരുളക്കിഴങ്ങിലെ അന്നജം മുടിയുടെ നര കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഉരുളക്കിഴങ്ങ് തൊലികൾ നന്നായി തിളപ്പിച്ച് എടുത്തശേഷം പേസ്റ്റാക്കി മുടിയിൽ തേച്ചുപിടിപ്പികുക. അൽപസമയത്തിനു ശേഷം കഴുകിയെടുക്കാം.
ചെമ്പരത്തി ഹെയർ ഡൈ
മുടിയുടെ വളർച്ചയ്ക്കുള്ള ഏറ്റവും മികച്ചതാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇല, പൂവ് തുടങ്ങി എല്ലാ ഘടകങ്ങളും മുടിയ്ക്ക് നല്ല നിറവും ഭംഗിയും കൂട്ടാൻ സഹായിക്കുന്നതാണ്. ചെമ്പരത്തി പൂവിന്റെ ഇതളുകൾ ചൂടു വെള്ളത്തിൽ തിളപ്പിച്ച് ഒരു ലായനി ഉണ്ടാക്കുക. കൂടുതൽ ഫലം ലഭിക്കാൻ ഇതിലേക്ക് അൽപം കൊക്കോ പൗഡറും കറിവേപ്പിലയും ചേർക്കാം. പേസ്റ്റാക്കി മുടിയിൽ തേച്ചുപിടിപ്പിക്കാം. ഒരുമണിക്കൂറിനു ശേഷം കഴുകി കളയാം. മുടിക്ക് നല്ല നിറം ലഭിക്കും.
മൈലാഞ്ചിയും ചിരട്ടക്കരിയും ചേർത്ത് എണ്ണ
മുടി സംരക്ഷണത്തിൽ പണ്ടുകാലം മുതൽക്കു തന്നെ പ്രധാനപങ്കുവഹിക്കുന്ന ഒന്നാണ് മൈലാഞ്ചി. മുടിക്ക് നിറം നൽകുന്നതിനും മുടി വളരുന്നതിനും മൈലാഞ്ചി സഹായിക്കുന്നു. കനലില്‍ കരിച്ചെടുത്ത മൈലാഞ്ചിയിലയും ചിരട്ടക്കരിയും പൊടിച്ച് എണ്ണ കാച്ചിയെടുക്കാം. ഇത് പതിവായി തലയിൽ തേച്ചു കുളിക്കുന്നത് മുടിയുടെ കറുപ്പ് നിറം വർധിപ്പിക്കാൻ സഹായിക്കും. കുളിക്കുന്നതിനു മുൻപ് കടുക്കയും മൈലാഞ്ചിയും അരച്ച് മുടിയിൽ പുരട്ടുക. മുടിയുടെ കരുത്ത് കൂട്ടാനും കറുപ്പ് നിറമേകാനും ഇതു നല്ലതാണ്.കൂടാതെ ചൂടുവെള്ളത്തിൽ മൈലാഞ്ചി പൊടി ചേർത്ത‌് പേസ്റ്റ് രൂപത്തിലാക്കി മുടിയിൽ തേച്ചു പിടിപ്പിക്കാം. വരണ്ട മുടിയാണെങ്കിൽ ഈ മിശ്രിതത്തിൽ അൽപം തൈര് കൂടി ചേർക്കാം. രണ്ടോ മൂന്നോ മണിക്കൂർ തലയിൽ പുരട്ടിയിരിക്കണം. ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകുക. നരച്ച മുടി മാറ്റുക മാത്രമല്ല, മുടി നല്ല മിനുസമുള്ളതാക്കാനും ഇത് സഹായിക്കും.
നെല്ലിക്ക – ചീവയ്ക്ക പേസ്റ്റ്
മുടിയുടെ അഴക് കൂട്ടാൻ വളരെ നല്ലതാണ് നെല്ലിക്കയും ചീവയ്ക്കയും ചേർത്ത് തയാറാക്കുന്ന പേസ്റ്റ്. ഈ മിശ്രിതം തയാറാക്കുന്നതിനായി ആദ്യം നെല്ലിക്കയും ചീവയ്ക്കയും വെള്ളത്തിലിട്ട് ഒരുമിച്ച് തിളപ്പിക്കുക. അതിന് ശേഷം കുരുകളഞ്ഞ് അരച്ചെടുക്കുക. ഹെയർ പായ്ക്കായി ഉപയോഗിക്കാവുന്നതാണ്. ഒരു മണിക്കൂറിനു ശേഷം മുടി സാധാരണ വെള്ളത്തിൽ കഴുകി വൃത്തിയാക്കാം. മുടിക്ക് സ്വാഭാവികമായുള്ള കറുപ്പ് നിറം നിലനിർത്താൻ ഇത് സഹായിക്കും.
ബീറ്റ്‌റൂട്ട്–ക്യാരറ്റ് മിശ്രിതം
ബീറ്റ്റൂട്ടും കാരറ്റും വെള്ളത്തിലിട്ട് മൃദുവാകുന്നത് വരെ നന്നായി തിളപ്പിച്ച് എടുക്കുക. അതിനു ശേഷം നന്നായി അരച്ച് പേസ്റ്റ് പരുവത്തിലാക്കി മുടിയിൽ പുരട്ടി അൽപസമയത്തിനു ശേഷം കഴുകി കളയാം. മുടിക്ക് ഭംഗിയുള്ള നിറം ലഭിക്കുക മാത്രമല്ല, സമൃദ്ധമായി വളരുന്നതിനും സഹായിക്കും.
content highlight: prevent-premature-graying