കണ്ണുകൾക്ക് ചുറ്റും കറുത്ത നിറം വന്ന് തുടങ്ങിയോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നറിയാമോ.. ഉറക്കക്കുറവും മാനസിക സമ്മർദ്ദവും മൊബൈൽ ഫോൺ ടിവി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗവും ആണ് ഇതിലേക്ക് നയിക്കുന്നത്. നിന്റെ കണ്ണൊക്കെ എന്താ ഇങ്ങനെ? കണ്ടാൽ പ്രേതത്തെ പോലെ ഉണ്ടല്ലോ, തുടങ്ങി നിരവധി ചോദ്യങ്ങൾ നിങ്ങൾ ഇപ്പോൾ നേരിടുന്നുണ്ടാകും.. എന്തായാലും ഇനി ആ പ്രശ്നം അധികനാൾ നീണ്ടുനിൽക്കില്ല. കാരണം പരിഹാരമുണ്ട്. കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റിയെടുക്കാനുള്ള പ്രതിവിധികൾ എന്തൊക്കെയാണെന്ന് നോക്കാം..
ബീറ്റ്‌റൂട്ട് നീര്
നിറം നല്‍കാൻ സഹായിക്കുന്ന മികച്ച പ്രതിവിധിയാണ് ബീറ്റ്‌റൂട്ട്. ഇതിനായി ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് ഇളക്കുക. ഇവ മൂന്നും മിക്സ് ചെയ്ത ശേഷം മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കണം. 15 മിനിറ്റിനുശേഷം മാറ്റാം. ഇതും പതിവായി ചെയ്യുന്നത് കണ്ണിനു ചുറ്റുമുള്ള കറുത്തപാട് മാറാന്‍ സഹായിക്കും.
പാൽ
കണ്ണിനു ചുറ്റുമുള്ള നിറക്കുറവ് മാറ്റാൻ പാൽ മികച്ചതാണ്. രണ്ട് കോട്ടൺ തുണി തണുത്ത പാലിൽ മുക്കിയെടുത്ത ശേഷം കണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗത്തു പതുക്കെ വയ്ക്കുക. ഏകദേശം ഇരുപതു മിനിറ്റോളം അതുപോലെ തുടരുക. ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകാം. ഇത് ആഴ്ചയിൽ മൂന്നുതവണ ചെയ്യുന്നതിലൂടെ വലിയ മാറ്റമുണ്ടാകും.
ഉരുളക്കിഴങ്ങ്
കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റിയെടുക്കാൻ മികച്ച പ്രതിവിധിയാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് അരച്ചോ വട്ടത്തിൽ അരിഞ്ഞോ പത്ത് മിനിറ്റ് കൺതടങ്ങളിൽ വയ്ക്കുന്നത് കൺതടത്തിലെ കറുപ്പ് നിറം മാറാൻ സഹായിക്കും. കൂടാതെ ഉരുളക്കിഴങ്ങിന്റെ നീരും വെള്ളരിക്കയുടെ നീരും ഒരേ അളവിൽ എടുത്ത് കണ്ണിനു താഴെ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുന്നതും നല്ലതാണ്.
ടീ ബാഗ്
നമ്മൾ ആവശ്യം കഴിഞ്ഞ് കളയുന്ന ടീ ബാഗ് പോലും കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ അകറ്റാൻ വളരെയധികം സഹായിക്കും. ഇതിനായി ഉപയോഗിച്ച ടീ ബാഗോ അല്ലെങ്കിൽ ഫ്രഷ് ആയിട്ടുള്ള ടീ ബാഗോ ഫ്രിജിൽ സൂക്ഷിച്ചു വച്ച് കൺതടത്തിൽ പത്തു മിനിറ്റ് വയ്ക്കുക. ഇത് ദിവസേന ചെയ്യുന്നത് കണ്ണിനു ചുറ്റുമുള്ള കറുപ്പു മാറാൻ സഹായിക്കും.
content highlight: dark-circles-home-remedies