മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നുവെങ്കിലും വീണ്ടും എത്തിയിരുന്നു താരം. കരിയറിലെ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും നടി സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്.
മിയ മാത്രമല്ല ഭര്‍ത്താവ് അശ്വിനും മകന്‍ ലൂക്കയുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. മിയയുടെ സഹോദരിയായ ജിനി വ്‌ളോഗുമായി സജീവമാണ്. അശ്വിനെക്കുറിച്ച് വാചാലയായുള്ള മിയയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. രമേഷ് പിഷാരടിക്കൊപ്പം ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മിയ അശ്വിനെക്കുറിച്ചും, അശ്വിന്‍ ആദ്യമായി തന്ന സമ്മാനത്തെക്കുറിച്ചുമൊക്കെ വാചാലയായത്.
എവിടെയും വഴുതി വീഴാതെ അറേഞ്ച്ഡ് മാര്യേജിലൂടെയായി ജീവിതം തുടങ്ങിയതാണ് ഞാന്‍. വീട്ടുകാര് പറഞ്ഞ് ആലോചിച്ചുറപ്പിച്ച വിവാഹമാണ്. അശ്വിന്‍ എന്നാണ് ശരിക്കുള്ള പേരെങ്കിലും അപ്പു എന്നാണ് ഞാന്‍ വിളിക്കുന്നത്. അശ്വിന്‍ എന്ന് വിളിക്കുന്നത് പുള്ളിക്കിഷ്ടമില്ല. ഫിലിപ്പ് എന്ന് കുറേപേരൊക്കെ വിളിക്കാറുണ്ട്.
എന്നെ വാവേ എന്നാണ് അപ്പു വിളിക്കുന്നത്. നേരത്തെ മമ്മി വാവേ, കുഞ്ഞുമോളേ എന്നൊക്കെ വിളിക്കുമായിരുന്നു. കൊച്ചുമക്കള്‍ വന്നതോടെ ആ വിളിയൊക്കെ പോയി. ഭര്‍ത്താവ് ഇപ്പോഴും വാവ എന്നാണ് വിളിക്കാറുള്ളത്. കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്നാണ് പുള്ളി എനിക്ക് ആദ്യമായിട്ടൊരു ഗിഫ്റ്റ് തരുന്നത്. ഒരു ജ്വല്ലറി ബോക്‌സായിരുന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ തുറന്ന് നോക്കാനായിരുന്നു പറഞ്ഞത്. ഒരു ചോക്കറും, അതിന്റെ കമ്മലുമായിരുന്നു ആ ബോക്‌സില്‍. അതാണ് കല്യാണപ്പിറ്റേന്ന് തന്നെ ഗിഫ്റ്റായി കിട്ടിയത് എന്നായിരുന്നു മിയ പറഞ്ഞത്. അതൊക്കെ കല്യാണത്തിന് മുന്നേ കൊടുക്കേണ്ടതല്ലേയെന്നായിരുന്നു രമേഷ് പിഷാരടിയുടെ ചോദ്യം.
മാട്രിമോണിയലിലൂടെയായിരുന്നു മിയയും അശ്വിനും കണ്ടുമുട്ടിയത്. ലോക് ഡൗണ്‍ സമയത്തായിരുന്നു വിവാഹം. അധികം ആഡംബരങ്ങളോ, അതിഥികളോ ഇല്ലാതെയായിരുന്നു കല്യാണം. വിവാഹ ശേഷം അങ്ങനെയധികം യാത്രകളൊന്നും പോയിരുന്നില്ല. കാര്യമായ സിനിമാതിരക്കുകളുമുണ്ടായിരുന്നില്ല. അതിനാല്‍ ഒന്നിച്ച് ചെലവഴിക്കാന്‍ ഒരുപാട് സമയം കിട്ടിയിരുന്നു ഞങ്ങള്‍ക്ക് എന്ന് മിയ പറഞ്ഞിരുന്നു. വിവാഹ ശേഷം മിയ ജോലി ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് അശ്വിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമാപ്രമോഷനിലും മറ്റ് പരിപാടികളിലുമെല്ലാം മിയയ്‌ക്കൊപ്പം അശ്വിനും കൂടെയുണ്ടാവാറുണ്ട്. നേരത്തെ മമ്മിയായിരുന്നു എല്ലായിടത്തും കൂടെ വന്നത്. കല്യാണം കഴിഞ്ഞതോടെ അത് അശ്വിനായെന്നും നടി വ്യക്തമാക്കിയിരുന്നു.
content highlight: Miya George