മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന പുത്തൻ ചിത്രത്തിന്‍റെ ഫാസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ പേരും പുറത്ത് വിട്ട് അണിയറപ്രവർത്തകർ. കളങ്കാവല്‍ എന്നാണ് മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമാണ സംരംഭത്തിന്‍റെ പേര്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.
നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിർവഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ. ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയില്‍ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. നാഗര്‍കോവില്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
സെപ്റ്റംബര്‍ 25നാണ് പുതിയ സിനിമ മമ്മൂട്ടി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. വിനായകനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ നേരത്തെ തന്നെ വാര്‍ത്ത പ്രധാന്യം നേടിയ ചിത്രമാണ് കളങ്കാവല്‍. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് അവസാനമായി മമ്മൂട്ടിയുടെ തീയറ്ററില് എത്തിയ ചിത്രം. ബസൂക്കയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം.
STORY HIGHLIGHT: kalamkaval movie