കൊച്ചി: അന്തര്‍ സംസ്ഥാന എസി സ്ലീപ്പര്‍ ബസുകള്‍ പുറത്തിറക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. സംസ്ഥാന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതും സുഖകരവുമായ യാത്ര നല്‍കുകയായാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ തലശേരി-ബംഗളൂരു, തിരുവനന്തപുരം- ബംഗളൂരു പോലുള്ള ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള റൂട്ടുകളില്‍ എസി സ്ലീപ്പര്‍ ബസുകള്‍ അവതരിപ്പിക്കും. സ്വകാര്യ ബസുകള്‍ക്ക് അമിത തുക നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന യാത്രക്കാര്‍ക്ക് ഇത് വളരെയധികം ആശ്വാസം നല്‍കും. സ്ലീപ്പര്‍ ബസുകള്‍ക്കായി ഇതിനകം ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. ടെന്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
34 എസി സ്ലീപ്പര്‍ ബസുകള്‍ക്കാണ് നിലവില്‍ ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. ഡിസൈന്‍, നിര്‍മാണം, വിതരണം, പരിശോധന, കമ്മീഷന്‍ ചെയ്യല്‍ എന്നിവയക്കായി കോര്‍പ്പറേഷന്‍ ഇതിനകം ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. പുതിയ ബസുകള്‍ വാങ്ങുന്നതിന് 107 കോടി രൂപയുടെ ബജറ്റ് വിഹിതം കെഎസ്ആര്‍ടിസിക്ക് ആശ്വാസമാണ്. നിരക്ക് വര്‍ധിപ്പിക്കാതെ എല്ലാ സൂപ്പര്‍ഫാസ്റ്റ് ബസുകളും എയര്‍ കണ്ടീഷന്‍ ചെയ്യുന്നതിനും പദ്ധതികളുണ്ട്. ഇത് യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.