മലേഷ്യന്‍ രുചികള്‍ അടുത്തറിയാന്‍ ഒരവസരം. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ സഹകരണത്തോടെ ഹയാത്ത് റീജന്‍സിയിലെ ഓറിയന്റല്‍ കിച്ചനില്‍ ആരംഭിച്ച മലേഷ്യന്‍ ഭക്ഷ്യമേളയിലാണ് വ്യത്യസ്തമായ രുചികളൊരുക്കി പാചകവിദഗ്ദ്ധര്‍ വിരുന്നൊരുക്കുന്നത്. കുലാലമ്പൂര്‍ ഗ്രാന്‍ഡ് ഹയാത്തിലെ മലേഷ്യന്‍ ഷെഫുമാരായ എഫേസി, താജുദ്ദീന്‍ എന്നിവര്‍ നേരിട്ട് ക്യൂറേറ്റ് ചെയ്ത തദ്ദേശീയ ഭക്ഷ്യവിഭവങ്ങളാണ് മേളയില്‍ വിളമ്പുന്നത്. ഇന്ത്യയിലെ ഹോട്ടലുകളില്‍ അത്യപൂര്‍വ്വമായാണ് മലേഷ്യന്‍ ഭക്ഷ്യവിഭവങ്ങള്‍ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഭക്ഷ്യമേള തലസ്ഥാനത്തെ ഭക്ഷണപ്രേമികള്‍ക്ക് രുചിയുടെ പുതിയൊരു അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് ഹയാത്ത് റീജന്‍സി ജനറല്‍ മാനേജര്‍ രാഹുല്‍ രാജ് പറഞ്ഞു. ആഗോളരുചികളെ സംസ്ഥാനത്തിനു പരിചയപ്പെടുത്താനുള്ള ഹയാത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് മലേഷ്യ ഇന്‍ മൈന്‍ഡ് എന്നു പേരിട്ടിരിക്കുന്ന ഈ ഭക്ഷ്യമേളയെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 23 വരെ ഉച്ചയ്ക്കും രാത്രിയിലുമാണ് ഹയാത്തില്‍ മലേഷ്യന്‍ വിഭവങ്ങള്‍ ലഭിക്കുന്നത്.
മേളയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കിട്ടെടുക്കുന്നവര്‍ക്ക് തിരുവനന്തപുരത്തുനിന്ന് കുലാലമ്പൂരിലേക്കും തിരിച്ചും മലേഷ്യന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നതിനും മലേഷ്യ ഗ്രാന്‍ഡ് ഹയാത്തില്‍ ഒരു ദിവസം താമസിക്കുന്നതിനും അവസരം ലഭിക്കും. ഒപ്പം മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ ലഭിക്കുന്നതിനുള്ള കൂപ്പണ്‍ കോഡുകളും ലഭ്യമാകും. യാത്രകള്‍ ഇഷ്ടപ്പെടുന്ന മലയാളികളെ കുലാലംപൂരിലേക്കും മലേഷ്യയുടെ സൗന്ദര്യത്തിലേക്കും ക്ഷണിക്കുകയെന്ന ലക്ഷ്യംകൂടിയുണ്ടെന്ന് മലേഷ്യ എയര്‍ലൈന്‍സ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ദര്‍സെനിഷ് അരസാണ്ടിരന്‍ പറഞ്ഞു. മലേഷ്യയുമായി തിരുവനന്തപുരത്ത് നിന്നുള്ള മികച്ച കണക്ടിവിറ്റിയും മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ പുതിയ സര്‍വ്വീസുകളും മികച്ച യാത്രാനുഭവം മലയാളികള്‍ക്ക് സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍കൂട്ടിയുള്ള റിസര്‍വേഷന് 9074338319 എന്ന നമ്പറില്‍ ബന്ധപ്പെടണം.