അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെ പോര് മുറുകുന്നതിനിടെ വിഷയത്തിൽ പ്രതികരണമറിയിച്ച് സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. എല്ലാ തൊഴില്‍ മേഖലയിലും പണം മുടക്കുന്നയാൾ മുതലാളിയും തൊഴില്‍ ചെയ്ത് പ്രതിഫലം വാങ്ങുന്നയാള്‍ തൊഴിലാളിയുമാണെന്നും എന്നാല്‍ സിനിമയില്‍ സ്ഥിതി നേരെ മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. നായികമാരെയും സാങ്കേതികപ്രവര്‍ത്തകരെയും തീരുമാനിക്കുന്നത് താരങ്ങളാണെന്നും ശ്രീകുമാരന്‍ തമ്പി കുറ്റപ്പെടുത്തി.
‘ഏത് തൊഴില്‍ മേഖലയിലും പണം മുടക്കുന്നവന്‍ മുതലാളിയും തൊഴില്‍ ചെയ്തു പ്രതിഫലം വാങ്ങുന്നയാള്‍ തൊഴിലാളിയുമാണ്. എന്നാല്‍ സിനിമയിലെ സ്ഥിതി വിപരീതമാണ്. അവിടെ പണം മുടക്കുന്നയാള്‍ തൊഴിലാളിയും വലിയ പ്രതിഫലം വാങ്ങി ജോലി ചെയ്യുന്ന താരം മുതലാളിയുമാണ്. കോടികള്‍ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥ. തന്റെ പടത്തിലെ നായികയെയും സാങ്കേതികവിദഗ്ധരേയും തീരുമാനിക്കുന്നതു പോലും താരത്തിന്റെ ഇഷ്ടം നോക്കിയായിരിക്കണം. അഭിനേതാക്കള്‍ സ്വന്തമായി പടം എടുക്കരുതെന്ന് ഞാന്‍ ഒരിക്കലും പറയില്ല. തീര്‍ച്ചയായും അവര്‍ നിര്‍മാണരംഗത്തു വരണം. എങ്കില്‍ മാത്രമേ നിർമാതാവിന്റെ അവസ്ഥ അവര്‍ മനസ്സിലാക്കൂ. കവി എന്ന നിലയിലോ സംവിധായകന്‍ എന്ന നിലയിലോ അല്ല ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. രണ്ടു ഡസനിലേറെ സിനിമകള്‍ സ്വന്തമായി നിർമിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിർമാതാവ് എന്ന നിലയിലാണ്’, ശ്രീകുമാരൻ തമ്പി പറഞ്ഞു.
താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നിർമാതാവ് സുരേഷ് കുമാർ രംഗത്തു വന്നതോടെയാണ് സിനിമയിൽ പോര് ശക്തമായത്. യുവതാരങ്ങളുടെ അമിതമായ പ്രതിഫലം കാരണം മലയാള സിനിമകൾ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നുവെന്നും കഴിഞ്ഞ മാസം മാത്രമുണ്ടായ നഷ്ടം 110 കോടിയാണെന്നും സുരേഷ് കുമാർ ആരോപിച്ചിരുന്നു. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിനിമാ സമരം നടത്തുന്നുവെന്നും നിർമാതാക്കളെ പ്രതിനിധീകരിച്ച് സുരേഷ് പറയുകയുണ്ടായി. ഇതാണ് പിന്നീട് വിവാദമായത്.
content highlight : sreekumaran-thampi-reacts-to-the-film-strike