Thrissur

ആമ്പല്ലൂര്‍- പുതുക്കാട് അടിപ്പാത നിര്‍മാണം: ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്, ദുരിതത്തിലാവുന്നത് നൂറുക്കണക്കിന് വാഹനങ്ങളും യാത്രക്കാരും

ഒന്നര കിലോമീറ്ററിലേറെ ദൂരം ഇഴഞ്ഞാണ് വാഹനങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നത്.

തൃശൂർ: ദേശീയപാതയിലെ ആമ്പല്ലൂര്‍, പുതുക്കാട് മേഖലയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്. അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നുപോകാൻ വീതികുറഞ്ഞ റോഡ് ഉപയോഗിക്കേണ്ടിവരുന്നതാണ് ഗതാഗതതടസമുണ്ടാകാന്‍ പ്രധാന കാരണം. ആമ്പല്ലൂരില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് തിരക്ക് അനുഭവപ്പെടുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ച സ്ഥിതിയായിലാണ്. നൂറുക്കണക്കിന് വാഹനങ്ങളും നിരവധി യാത്രക്കാരുമാണ് ഇതോടെ ദുരിതത്തിലാവുന്നത്. ഒന്നര കിലോമീറ്ററിലേറെ ദൂരം ഇഴഞ്ഞാണ് വാഹനങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നത്.

ദേശീയ പാതയിൽ ഗതാഗത കുരുക്ക് മുറുകുന്നതോടെ പെറുവാഹന യാത്രക്കാർ ഇട റോഡുകളിലേക്ക് വാഹനം തിരിക്കുന്നതോടെ പ്രാദേശിക ഗതാഗതവും താറുമാറാവുന്നു. സര്‍വീസ് റോഡ് പൂര്‍ത്തീകരിക്കാത്തതാണ് ഗതാഗതക്കുരുക്കിനുള്ള ഒരു പ്രധാന കാരണം. അവധിദിനങ്ങളും വാഹനങ്ങള്‍ കൂടുതല്‍ എത്തുന്ന ദിവസങ്ങളിലും ഗതാഗതക്കുരുക്ക് സ്ഥിരം കാഴ്ച്ചയാണ്. ടോള്‍പ്ലാസയിലും ഇതേ സമയം വാഹനങ്ങളുടെ നീണ്ടനിര തന്നെ ഉണ്ടാകാറുണ്ട്. സര്‍വീസ് റോഡ് നിര്‍മാണം പാതിവഴിയില്‍ നിലച്ചത് യാത്രക്കാരെയും വ്യാപാരികളെയും ഒരേ പോലെയാണ് വലയ്ക്കുന്നത്. എന്നിരുന്നാലും ആമ്പല്ലൂരിൽ ഇരുവശങ്ങളിലേയും പാലം പണി ദ്രുതഗതിയിൽ മുന്നേറുന്നത് ആശ്വാസമാണ്.

content highlight : amballur-puthukkad-under-passway-maintenance-road-block-in-national-highway