നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളും ഇൻഫ്ളുവൻസറും സംരംഭകയുമാണ് ദിയ കൃഷ്ണ. കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ ആയിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. സുഹൃത്തായിരുന്ന അശ്വിൻ ഗണേശിനെയാണ് ദിയ വിവാഹം ചെയ്തത്. സോഫ്റ്റ്‌വയർ എന്‍ജിനീയര്‍ ആണ് അശ്വിൻ. താൻ ഗർഭിണിയാണെന്ന സന്തോഷം അടുത്തിടെയാണ് ദിയ ആരാധകരോട് പങ്കുവെച്ചത്. ഇപ്പോഴിതാ ആദ്യ മൂന്നുമാസത്തെ ഗര്‍ഭകാലത്തെക്കുറിച്ച് പ്രേക്ഷകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് ദിയയും ഭർത്താവ് അശ്വിനും. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ദിയ വിശേഷങ്ങൾ അറിയിച്ചെത്തിയത്.
ജനിക്കാൻ പോകുന്ന കുഞ്ഞിന് പേരിടുന്നത് തന്റെ അമ്മയായ സിന്ധു കൃഷ്ണ ആയിരിക്കുമെന്നും ദിയ വീഡിയോയിൽ പറഞ്ഞു. ”പേരിടേണ്ട ജോലി എന്റെ അമ്മയ്ക്ക് കൊടുത്തിട്ടുണ്ട്. എന്റെ അമ്മയാണ് ഞങ്ങളുടെ വീട്ടിലെ എല്ലാ കുട്ടികൾക്കും മനോഹരമായ സംസ്കൃതം പേരുകൾ ഇട്ടത്. അമ്മ ആൺകുഞ്ഞിനും പെൺകുഞ്ഞിനുമുള്ള പേരുകൾ കണ്ടുപിടിക്കും. ആരാണോ സർപ്രൈസ് ആയി പുറത്തേക്ക് വരുന്നത്, ആ കുഞ്ഞിന് അമ്മ പറയുന്ന പേരിടും. അമ്മ നിർദ്ദേശിക്കുന്ന പേര് എന്തായാലും അടിപൊളിയായിരിക്കും. അക്കാര്യത്തിൽ അമ്മ നല്ല മിടുക്കിയാണ്”, ദിയ പറഞ്ഞു.
ഗർഭിണിയായി ആദ്യത്തെ മൂന്ന് മാസം താൻ വളരെ ബുദ്ധിമുട്ടിയ സമയം ആയിരുന്നുവെന്നും ദിയ വ്ളോഗിൽ പറഞ്ഞു. ഇപ്പോൾ അതെല്ലാം മാറിയെന്നും താൻ ആരോഗ്യവതിയും സന്തോഷവതിയുമാണെന്ന് താരം കൂട്ടിച്ചേർത്തു.
”പെൺകുഞ്ഞിനെ വേണമെന്നാണ് എനിക്ക്. പക്ഷെ അങ്ങനെ പറയാൻ പാടില്ല. ആരോഗ്യമുള്ള കുഞ്ഞിനെയാണ് എനിക്ക് വേണ്ടത്. മാതാപിതാക്കളാകുകയാണെന്ന കാര്യം ഞങ്ങൾക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. കല്യാണം കഴിച്ചെന്ന് പോലും ഫോട്ടോസ് കാണുമ്പോഴാണ് ഓർക്കുന്നത്. ഞങ്ങളിപ്പോഴും സുഹൃത്തുക്കളെ പോലെയാണ്”, ദിയ പറഞ്ഞു.
content highlight: diya-krishna-about-the-naming-of-her-upcoming-first-child