Careers

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാം; വിശദവിവരങ്ങൾ ഇതാ | travancore-devaswom

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. മൂന്ന് ഒഴിവുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ രണ്ട് ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രസ്തുത തസ്തികയിലേക്ക് ഫെബ്രുവരി 24 വരെ അപേക്ഷിക്കാം.

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ബി ഇ / ബി ടെക് ( കംപ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ) എന്നീ യോഗ്യതകളുള്ളവര്‍ക്ക് ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ നാല് വര്‍ഷത്തെ പരിചയം ആവശ്യമാണ്. ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡിപ്ലോമ ( കംപ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ / ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ തത്തുല്യം ) യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും.

ആറ് മാസമാണ് ഹ്രസ്വകാല കരാര്‍ നിയമനത്തിന്റെ കാലാവധി. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. ജനുവരി 31 ന് മാനദണ്ഡപ്രകാരം ആവശ്യമായ യോഗ്യതയും പരിചയവും ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. കരാര്‍ നിയമനത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഏത് സമയത്തും നിയമനം അവസാനിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അവകാശമുണ്ടായിരിക്കും.

ഇന്ത്യന്‍ പൗരന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഏതെങ്കിലും രൂപത്തിലുള്ള സ്വാധീനം അയോഗ്യതയായി കണക്കാക്കും. അപേക്ഷകള്‍ ഫെബ്രുവരി 24 നോ അതിനു മുമ്പോ itcontractrecruitment@gmail.com എന്ന ഇ – മെയില്‍ വിലാസത്തിലേക്കാണ് അയയ്‌ക്കേണ്ടത്. നിയമന പ്രക്രിയ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ സാധുതയുള്ളതും സജീവവുമായ ഒരു ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും അപേക്ഷകര്‍ക്ക് ഉണ്ടായിരിക്കണം.

content highlight: travancore-devaswom-board-opens-three-vacancies

Latest News