തന്റെ സിനിമ കുടുംബ പ്രേക്ഷകരും കാണണമെന്നാണ് ആഗ്രഹമെന്ന് നടനും നിർമാതാവുമായ ഉണ്ണി മുകുന്ദൻ പറഞ്ഞു. നിർമ്മാണത്തിലേക്ക് തിരിയാനുള്ള കാരണവും ഉണ്ണി വിശദമാക്കി. 2014നുശേഷം എന്നെ ചെറിയ റോളുകളിലേക്ക് ഒതുക്കാൻ ശ്രമം നടന്നിരുന്നു. സ്ഥിരമായി വില്ലൻ റോളുകൾ മാത്രമായപ്പോഴാണ് 2018ൽ സ്വന്തം പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്.
കൂടുതലും കുടുംബപ്രേക്ഷകരെ ഉദ്ദേശിച്ചുള്ള സിനിമകൾ ചെയ്യാനാണ് എന്റെ ആഗ്രഹം. എന്റേതായ വികാരങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്ന സിനിമകൾ നിർമിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഉണ്ണി പറയുന്നു. മേപ്പടിയാൻ, ഷെഫീക്കിന്റെ സന്തോഷം, ജയ് ഗണേഷ് എന്നിവയാണ് ഉണ്ണി മുകുന്ദൻ നിർമിച്ച് ഇതുവരെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമകൾ.
ചെമ്പൻ വിനോദ്, ജോണി അന്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയവരാണ് ഗെറ്റ് സെറ്റ് ബേബിയിൽ ഉണ്ണിക്കും നിഖിലയ്ക്കും പുറമെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. ഉണ്ണിയും നിഖിലയും ആദ്യമായി ജോഡിയായി അഭിനയിച്ച സിനിമ കൂടിയാണിത്. ഒരു ഇടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദന് ഒരു നായികയും പ്രണയ രംഗങ്ങളുമുള്ള സിനിമയാണ് ഗെറ്റ് സെറ്റ് ബേബി.
മാർക്കോയിൽ നായികയുണ്ടായിരുന്നുവെങ്കിലും ആക്ഷനും വയലൻസിനും പ്രധാന്യം കൊടുത്തൊരുക്കിയ സിനിമയായിരുന്നതുകൊണ്ട് പ്രണയരംഗങ്ങൾ വിരളമായിരുന്നു. ഗെറ്റ് സെറ്റ് ബേബിയുടെ പ്രമോഷന്റെ ഭാഗമായി ഓൺ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ച് തന്റെ നിലപാടെന്താണെന്ന് നടൻ വ്യക്തമാക്കിയത്.
എല്ലാ സിനിമകളിലും നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ. എന്റെ സമപ്രായക്കാരായ അഭിനേതാക്കൾ ഇത്തരം സീനുകൾ ചെയ്യുന്നുണ്ടെന്ന് കാണിച്ച് ചിലരെല്ലാം ഇത്തരം രംഗങ്ങൾ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ രണ്ടുപേർ തമ്മിലുള്ള പ്രണയവും അടുപ്പവും കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നാണ് ഞാൻ കരുതുന്നത്.
അതിന് കിസ്സിങ് സീൻ തന്നെ വേണമെന്നില്ല. എല്ലാ വിഭാഗം പ്രേക്ഷകർക്കും കാണാനാകുന്ന സിനിമയാകണം എന്റേതെന്ന് ആഗ്രഹമുണ്ട്. സിനിമകളിലെ സംഘട്ടന രംഗങ്ങളിൽ ആരെയെങ്കിലും നേരിട്ട് അടിക്കാതെ തന്നെ അത്തരത്തിൽ പ്രേക്ഷകനെ തോന്നിപ്പിക്കാൻ കഴിയുന്നില്ലേ. ഇതേകാര്യം റൊമാന്റിക് സീനുകളിലും ആവാമല്ലോ. ഇത് എന്റെ മാത്രം കാഴ്ചപ്പാടാണ്. മറ്റുള്ളവർ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ്. അതിൽ എനിക്ക് അഭിപ്രായം പറയേണ്ട കാര്യമില്ല.
content highlight: unni-mukundan-opens-up