മലയാളി സിനിമാപ്രേമികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെയാണ് അതിന് കാരണം. മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന് മുന്നോടിയായി ദിവസേന ചിത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്തുവിടുന്നുണ്ട് അണിയറക്കാര്‍. ഒപ്പം ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ വീഡിയോകളും. ഇപ്പോഴിതാ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിന്‍ രാംദാസിനെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍.
പി കെ രാംദാസ് എന്ന രാഷ്ട്രീയ നേതാവിന്‍റെ, രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത മകനായിരുന്നു ലൂസിഫറിലെ ജതിന്‍ രാംദാസ്. എന്നാല്‍ സാഹചര്യങ്ങളാല്‍ അയാള്‍ രാഷ്ട്രീയത്തിലേക്ക് വരികയും കേരള മുഖ്യമന്ത്രി ആവുകയും ചെയ്യുന്നു. ചുരുക്കം സീനുകള്‍ കൊണ്ട് നല്ല ക്യാരക്റ്റര്‍ ആര്‍ക്ക് ഉണ്ടായിരുന്ന കഥാപാത്രമായിരുന്നു ലൂസിഫറിലെ ജതിന്‍ എന്നും എമ്പുരാനില്‍ ആ ആര്‍ക്ക് വലുതായിട്ടുണ്ടെന്നും ടൊവിനോ പറയുന്നു.
ലൂസിഫറിലെ എന്റെ ഡയലോഗ് പല വേദികളിലും ഞാന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. മുണ്ടുടുക്കാനുമറിയാം ആവശ്യം വന്നാല്‍ മടക്കി കുത്താനുമറിയാം എന്ന ഡയലോഗ്. അത്രയും വിസിബിലിറ്റിയും റീച്ചും തന്ന കഥാപാത്രമായിരുന്നു അത്. ലൂസിഫറില്‍ ലാലേട്ടനുമായി കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഈ സിനിമയില്‍ ഒരു കോമ്പിനേഷന്‍ സീന്‍ ഉണ്ട്. ഒരുപക്ഷേ ഈ സിനിമയില്‍ എന്‍റെ ഏറ്റവും നല്ല പെര്‍ഫോമന്‍സും ആ സീനില്‍ ആണെന്നാണ് ഡബ്ബിംഗ് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത്. വളരെ നല്ല ആക്റ്റേഴ്സിന് എതിരെ നിന്ന് അഭിനയിക്കുമ്പോള്‍ അത് സംഭവിക്കാറുണ്ട്. ഒരു പ്രതികരണം മാത്രം മതിയാവും നമ്മുടെ കഥാപാത്രം നന്നായിട്ട് വരാന്‍, ടൊവിനോ പറയുന്നു. അതേസമയം ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങളെക്കൂടിയാണ് അവതരിപ്പിക്കാനുള്ളത്.
content highlight: tovino-thomas-about-jathin-ramdas