എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വെസ്റ്റേണ്‍ റീജിയണിന് കീഴിലുള്ള നോണ്‍-എക്സിക്യൂട്ടീവ് (സീനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വിവിധ വിഭാഗങ്ങളിലായി 206 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് aai.aero/en/careers/recruitment എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം.
മാര്‍ച്ച് 24 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. സീനിയര്‍ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ) തസ്തികയില്‍ രണ്ട് ഒഴിവുകളാണ് ഉള്ളത്. സീനിയര്‍ അസിസ്റ്റന്റ് (ഓപ്പറേഷന്‍സ്) നാല് ഒഴിവുകളും സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്‌സ്) 21 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്) 11 ഒഴിവുകളും ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വീസസ്) 168 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ഒഴിവുകളുടെ എണ്ണം താല്‍ക്കാലികമാണ് എന്നും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിവേചനാധികാരത്തില്‍ ഇത് കൂടുകയോ കുറയുകയോ ചെയ്യാം എന്നും ഔദ്യോഗിക വിജ്ഞാപനത്തില്‍ ഉണ്ട്. ആവശ്യമെങ്കില്‍, കൂടുതല്‍ അറിയിപ്പ് നല്‍കാതെയോ ഒരു കാരണവും നല്‍കാതെയോ റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ മാറ്റം വരുത്താനോ റദ്ദാക്കാനോ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അവകാശമുണ്ട്.
മാനേജ്‌മെന്റിന്റെ തീരുമാനം അന്തിമമായിരിക്കും എന്നും ഒരു അപ്പീലും സ്വീകരിക്കില്ല എന്നും വിജ്ഞാപനത്തില്‍ പറയുന്നു. പരമാവധി 30 വയസ് പ്രായമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. സീനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36,000 രൂപ മുതല്‍ 1,10,000 രൂപ വരെ ശമ്പളം ലഭിക്കും. ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,000 രൂപ മുതല്‍ 92,000 രൂപ വരെയാണ് ശമ്പളം.
അടിസ്ഥാന ശമ്പളത്തിന് പുറമേ, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്ഷാമബത്ത, അടിസ്ഥാന ശമ്പളത്തിന്റെ 35% ന് തുല്യമായ ആനുകൂല്യങ്ങള്‍, വീട്ടു വാടക അലവന്‍സ് കോണ്‍ട്രിബ്യൂട്ടറി പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, സാമൂഹിക സുരക്ഷാ പദ്ധതികള്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത്.
content highlight: jobs-airports-authority-invites-application