കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) നിര്‍മ്മിച്ച പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ രണ്ട് സംവിധായകരുടെ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുന്നു. വി.എസ് സനോജ് സംവിധാനം ചെയ്ത ‘അരിക്’, മനോജ് കുമാര്‍ സി.എസ് സംവിധാനം ചെയ്ത ‘പ്രളയശേഷം ഒരു ജലകന്യക’ എന്നീ ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. 2025 ഫെബ്രുവരി 28ന് രാവിലെ 9ന് തിരുവനന്തപുരം ”ശ്രീ” തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ പ്രദര്‍ശന ഉദ്ഘാടനം ഫിഷറീസ്-സാംസ്‌കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.
ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി മുഖ്യാതിഥിയാകും. ആന്റണി രാജു , എം.എല്‍.എ ആധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ( സാംസ്‌കാരിക കാര്യ വകുപ്പ്) ഡോ. രാജന്‍ നാംദേവ് ഖോബ്രഗഡെ ഐ.എ.എസ്, സാംസ്‌കാരിക കാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്, തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഹരികുമാര്‍ സി., കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍, കേരള സംസ്ഥാന സാംസ്‌കാരികപ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ കെ., കെ.എസ്.എഫ്.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ പ്രിയദര്‍ശനന്‍ പി.എസ്., ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.
ചിത്രങ്ങളില്‍ ”അരിക്” ഫെബ്രുവരി 28ന് പ്രദര്‍ശനത്തിനെത്തും. ‘പ്രളയശേഷം ഒരു ജലകന്യക’ മാര്‍ച്ച് ഏഴിനാണ് തിയേറ്ററുകളിലെത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി / പട്ടികവര്‍ഗ്ഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായാണ് കെ.എസ്.എഫ്.ഡി.സി സിനിമകള്‍ നിര്‍മ്മിച്ചത്. ഈ പദ്ധതി പ്രകാരം പ്രദര്‍ശനത്തിനെത്തുന്ന രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളാണിവ. ഇന്ത്യയില്‍ ആദ്യമായാണ് പട്ടികജാതി / പട്ടികവര്‍ഗ്ഗ ശാക്തീകരണത്തിന്റെ ഭാഗമായി ഈ വിഭാഗത്തിലെ സംവിധായകരുടെ സിനിമകള്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്.
CONTENT HIGH LIGHTS; Two films produced by K.S.F.D.C: ‘Arik’ – ‘A Water Maiden After Flood’ will be screened