മുംബൈ: ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ‘ദിൽ തോ പാഗൽ’ ബിഗ് സ്‌ക്രീനിൽ വീണ്ടും എത്തുന്നു. ബോളിവുഡിലെ പുതിയ റീറിലീസ് ട്രെന്‍റിന് അനുസരിച്ച്, ഷാരൂഖിനൊപ്പം മാധുരി ദീക്ഷിതും കരിഷ്മ കപൂറും പ്രധാന കഥാപാത്രങ്ങളെ എത്തിയ ദിൽ ടു പാഗൽ ഫെബ്രുവരി 28 ന് വീണ്ടും തിയേറ്ററുകളിൽ എത്തുമെന്നാണ് യാഷ് രാജ് ഫിലിംസ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
യാഷ് ചോപ്ര സംവിധാനം ചെയ്ത ‘ദിൽ തോ പാഗൽ’ 1997 ലാണ് ആദ്യം പുറത്തിറങ്ങിയത്. ചിത്രത്തിൽ അക്ഷയ് കുമാർ ഒരു പ്രത്യേക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മികച്ച വിനോദ ചിത്രം, മികച്ച സഹനടി (കരിഷ്മ കപൂർ), മികച്ച നൃത്തസംവിധാനം (ഷൈമാക് ദാവർ) എന്നിവയ്ക്കുള്ള മൂന്ന് ദേശീയ അവാർഡുകൾ ചിത്രത്തിന് ലഭിച്ചിരുന്നു. ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം പറഞ്ഞത്.
അടുത്തിടെ ബോളിവുഡില്‍ പ്രണയ ചിത്രങ്ങള്‍ റീ റിലീസ് ചെയ്ത് വന്‍ നേട്ടം കൊയ്തിരുന്നു. 2016-ൽ രാധിക റാവു വിനയ് സപ്രു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് സനം തേരി കസം. ഹൃദ്യമായ ഒരു പ്രണയ കഥയാണ് ചിത്രം പറഞ്ഞത്. ഹർഷവർദ്ധൻ റാണെ, മാവ്ര ഹോകെൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച സനം തേരി കസം അന്ന് റിലീസ് ചെയ്തപ്പോള്‍ അതിലെ സംഗീതം ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്സോഫീസില്‍ വെറും 9 കോടി രൂപയുടെ ആജീവനാന്ത കളക്ഷന്‍ നേടി ഫ്ലോപ്പായി പ്രഖ്യാപിക്കപ്പെട്ടു.
എന്നാല്‍ ചിത്രം 2025 ല്‍ പ്രണയദിനത്തിനോട് അനുബന്ധിച്ച് റിലീസ് ചെയ്ത വന്‍ വിജയമാണ് ബോളിവുഡ് ബോക്സോഫീസില്‍ ഉണ്ടാക്കിയത്. ഇതേ മാതൃക പിന്തുടരുകയാണ് ഷാരൂഖ് ചിത്രവും എന്നാണ് സൂചന.
ജുനൈദ് ഖാൻ-ഖുഷി കപൂർ ചിത്രം ലൗയാപ്, ഹിമേഷ് രേഷ്മിയയുടെ ബാഡാസ് രവികുമാർ എന്നിവയുൾപ്പെടെ ഫെബ്രുവരി 7-ലെ മറ്റ് റിലീസുകളെക്കാൾ മികച്ച പ്രകടനം സനം തേരി കസം നേടി എന്നത് ബോളിവുഡിലെ നിര്‍മ്മാതാക്കളെ പഴയ പ്രണയ ചിത്രങ്ങള്‍ പൊടിതട്ടിയെടുക്കാന്‍ പ്രേരിപ്പിക്കുന്നു എന്നാണ് വിവരം.
content highlight: dil-toh-pagal-hai-to-re-release