തൃശൂർ: വീട്ടിലിരുന്ന് ഓൺലൈൻ ജോബിലൂടെ പണം സമ്പാദിക്കാം എന്ന വാഗ്ദാനത്തിൽ ചാവക്കാട് സ്വദേശിനിയുടെ 22 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ 2 പേർ പിടിയിൽ. മഹാരാഷ്ട്രയിലെ പൂനെ സ്വദേശികളായ കുൽകർണ്ണി ഹോസ്പിറ്റലിനു സമീപമുള്ള സുനന്ദ സുനിൽ സഗാരെ (40) ഭാരത് നഗർ ഗുജർവാടിയിലുള്ള മിലിന്ദ് ഭാരത് ബസത്വർ (44) എന്നിവരാണ് പിടിയിലായത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസിന്‍റെ നിർദ്ദേശത്തിൽ ഇൻസ്പെക്ടർ വി എസ് സുധീഷ്കുമാർ നേതൃത്വം വഹിച്ച സൈബർ പൊലീസ് സ്റ്റേഷൻ അന്വേഷണ സംഘമാണ് മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും ഇവരെ പിടികൂടിയത്.
സംഭവം ഇങ്ങനെ
2024 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം തുടങ്ങിയത്. ചാവക്കാട് സ്വദേശിനിക്ക് ഗൂഗിൾ പേജുകളുടെ റിവ്യൂ ചെയ്യുന്നതിലൂടെ വീട്ടിലിരുന്ന് ലാഭമുണ്ടാക്കാം എന്ന് UP WORK DIGITAL MARKET WORKS എന്ന പേരിലുള്ള പരസ്യം വാട്സാപിലൂടെ അപരിചിതയായ ഒരു സ്ത്രീ അയച്ചുകൊടുക്കുകയായരുന്നു. പിന്നീട് അവർ അച്ചുകൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ടെലഗ്രാമിലൂടെ ചെയ്യേണ്ട ടാസ്കിനെ കുറിച്ച് അറിയുന്നതിനായ ബന്ധപെടുകയായിരുന്നു. ടാസ്കുകൾ ചെയ്യുന്നതിലേക്കായി ക്രിപ്റ്റോ കറൻസിയുടെ ട്രേഡിങ്ങിനായി പണം അടയ്ക്കേണ്ടതുണ്ടെന്നും. ഓരോ ടാസ്കിനും ലാഭം ക്രെഡിറ്റാകുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. ഇത് വിശ്വസിച്ച് ടാസ്കുകൾ പൂർത്തികരിക്കുന്നതിനായി നടത്തിയ ക്രിപ്റ്റോ കറൻസി ട്രേഡിങ്ങിലൂടെ 22 ലക്ഷത്തോളം രൂപ പരാതിക്കാരി അയച്ചു നൽകുകയായിരുന്നു.
പിന്നീട് ലാഭവും നൽകിയ തുകയും ലഭിക്കാതെ വന്നപ്പോളാണ് പരാതിക്കാരി സൈബർ ക്രൈം പൊലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചപ്പോൾ പൂനെയിലെ ഒരു സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്കാണ് തുക അയച്ചതെന്ന് കണ്ടത്തുകയും ഉടൻ തന്നെ അന്വേഷണ സംഘം പൂനെയിലെത്തി കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു. പിന്നീടുള്ള വിശദമായ അന്വേഷണത്തിനൊടുവിൽ പൂനെയിലെത്തിയ അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ ഇവരുടെ അക്കൌണ്ടിന്‍റെ പേരിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനെട്ടോളം പരാതികൾ നിലവിലുണ്ടെന്നും വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെ്കടർ വി എസ് സുധീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെ്കടർമാരായ കെ ശ്രീഹരി, കെ എസ് ഹരിലാൽ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ ബിന്ദു, ശുഭ, സിവിൽ പൊലീസ് ഓഫീസർമാരായ അഖിൽ കൃഷ്ണ, മിഥുൻ, അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്.
content highlight : accused-in-the-case-of-extorting