Kerala

അഫാന്റെ പിതാവ് റഹീം ബന്ധുവീട്ടിൽ; അതിവൈകാരികമായ രംഗങ്ങൾ | Venjarummood crime

തിരുവനന്തപുരം : ഇന്ന് രാവിലെ വിദേശത്ത് നിന്നുമെത്തിയ, വെഞ്ഞാറമ്മൂട്ടിൽ കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം തലസ്ഥാനത്തെ ബന്ധു വീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്. വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകൻ അഫ്നാൻ, ഉമ്മ ആസിയാബി, സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ തുടങ്ങിയ ബന്ധുക്കളെ അടക്കിയ കബറിടത്തിലെത്തി പ്രാർത്ഥന നടത്തി. കബറിടത്തിൽ പൊട്ടിക്കരഞ്ഞ അബ്ദുൽ റഹീമിനെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാനറിയാതെ കുഴങ്ങി.

രാവിലെ 7.45 നാണ് സൌദിയിൽ നിന്നും റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ കണ്ടു. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞത്. ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. കൊലപാതകങ്ങളെല്ലാം നടത്തിയ അഫാനെയും ഉമ്മ അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. 7 വർഷങ്ങൾക്ക് ശേഷമാണ് റഹീം നാട്ടിലെത്തിയത്. രണ്ടര വർഷമായി ഇഖാമ കാലാവധി തീർന്നെങ്കിലും യാത്രാവിലക്ക് നേരിടുകയായിരുന്നു.