പ്രയാഗ്‌രാജില്‍ മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്തതിനെ വിമർശിച്ചവർക്കുള്ള മറുപടിയുമായി സിനിമാ–സീരിയൽ താരം ശ്രീക്കുട്ടി. കുംഭമേളയിൽ പോയി വന്നിട്ട് രണ്ടാഴ്ചയിൽ കൂടുതൽ ആയി ഇന്നുവരെ തനിക്കോ ഭര്‍ത്താവിനോ യാതൊരു ആരോഗ്യപ്രശ്‌നവുമില്ലെന്നും പുതിയ യൂട്യൂബ് വ്ലോഗിലൂടെ പറഞ്ഞെത്തിയിരിക്കുകയാണ് താരം.
‘കുംഭമേളയുടെ ഭാഗമാകാന്‍ എനിക്കും ഭര്‍ത്താവിനും കഴിഞ്ഞു. വളരെ സന്തോഷമുള്ള കാര്യം. വീഡിയോ കണ്ടവരില്‍ 60% പേരും എനിക്ക് എതിരായിരുന്നു. ഒരുപാട് നെഗറ്റീവ് മെസേജുകള്‍ വരുന്നുണ്ട്. ഞങ്ങള്‍ പോയിവന്നിട്ട് രണ്ടാഴ്ചയില്‍ കൂടുതലായി. ഇന്നുവരെ ഒരു ജലദോഷമോ തലവേദനയോ പനിയോ ചുമയോ ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. കമന്റ്‌സ് ഇടുന്നവര്‍ ചൊറിയുന്നതല്ലാതെ ഞങ്ങള്‍ക്ക് ഒരു ചൊറിച്ചിലും ഉണ്ടായിട്ടില്ല.
ത്രിവേണി സംഗമത്തിലായിരുന്നു സ്‌നാനം ചെയ്തത്. റൂമെടുക്കാത്തതുകാരണം അന്ന് കുളിക്കാന്‍ പറ്റിയില്ല. അടുത്ത ദിവസം റൂമെടുത്ത്, അതിന്റെ അടുത്ത ദിവസമാണ് കുളിക്കാന്‍ പറ്റിയത്. സോപ്പുപോലും തേച്ച് കുളിച്ചിരുന്നില്ല. ആ വെള്ളത്തില്‍ വെറുതേ മുങ്ങിക്കുളിച്ച് വന്നതേയുള്ളൂ. നിങ്ങള്‍ ഈ പറയുന്ന മോശം വെള്ളത്തില്‍ ഞാനും ഏട്ടനും കുളിച്ചു. 63 കോടി ആളുകള്‍ വന്നു എന്നാണ് പറയുന്നത്. അവരുടെ ആരുടേയും കാര്യം എനിക്ക് അറിയില്ല. അതില്‍ രണ്ടുവ്യക്തികളായ ഞാനും ഏട്ടനും കുളിച്ചിട്ട് ഈ നിമിഷംവരെ ഒരുബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നതാണ് സത്യം.’ ശ്രീക്കുട്ടി പറഞ്ഞു.
‘പുറത്തുപറയാന്‍ പറ്റാത്ത രീതിയില്‍വരെയുള്ള സന്ദേശങ്ങള്‍ വ്യക്തിപരമായിപ്പോലും ലഭിക്കുന്നുണ്ട്. അതില്‍ കൂടുതല്‍പ്പേരും അഹിന്ദുക്കളാണ്. പിന്നെ പാര്‍ട്ടിപരമായിട്ടാണ് കൂടുതല്‍. വിശ്വാസമില്ലാത്ത ഹിന്ദുക്കളുമുണ്ട്. പ്രയാഗ്‌രാജിൽ നിന്നും കുറച്ച് വെള്ളം എടുത്തിരുന്നു. അപ്പോഴത് കുറച്ച് കലങ്ങിയിട്ടായിരുന്നു. ഇപ്പോഴത് തെളിഞ്ഞു. മിനറൽ വാട്ടർ പോലെയാണ് ഇപ്പോഴുള്ളത്. ഈ വെള്ളം എന്റെ കുട്ടിക്കും, അടുത്തുള്ള വീട്ടിലുമൊക്കെ കൊടുത്തു, അവരും അത് തലയിൽ ഒഴിച്ചു. അവർക്കാർക്കും ചൊറി വന്നിട്ടില്ല. .എനിക്കു ഒരു പാർട്ടിയുമില്ല, ഞാൻ ദൈവ വിശ്വാസിയാണ്.’ ശ്രീക്കുട്ടി വ്യക്തമാക്കി.
നിങ്ങൾ എന്തിനാണ് അധിക്ഷേപിക്കുന്നതെന്ന് മലസ്സിലാകുന്നില്ല. ഇങ്ങോട്ടു കേറി ചൊറിയണ്ട, എനിക്കു ചൊറി വന്നാല്‍ ഞാൻ സഹിച്ചു. നിങ്ങളെന്തെന്ന് അതോർത്തു വിഷമിക്കുന്നു. ഇനി അടുത്ത 144 വർഷം കഴിഞ്ഞാലാണ് അടുത്ത മഹാകുംഭ മേള വരുകയുള്ളൂ. നമ്മുടെ തലമുറയ്ക്കു കിട്ടിയ ഭാഗ്യമാണിത് ശ്രീക്കുട്ടി കൂട്ടിച്ചേർത്തു.
STORY HIGHLIGHT: sreekutty kumbh mela response