Celebrities

ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ; മകളുടെ പിറന്നാള്‍ വീഡിയോയ്ക്ക് താഴെ അസഭ്യ കമന്റിട്ട ആൾക്ക് മറുപടിയുമായി ആര്യ – arya badai

ഖുഷിയുടെ 13-ാം പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ ആര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകളുടെ പിറന്നാൾ വീഡിയോയ്ക്ക് താഴെ അസഭ്യം പറഞ്ഞയാൾക്കെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് സിനിമാ-ടെലിവിഷൻ താരം ആര്യ. കമന്റിട്ട ആളുടെ കമെന്റും പ്രൊഫൈല്‍ വിവരങ്ങളും ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് ആര്യയുടെ പ്രതികരണം.

‘രണ്ട് ദിവസം മുന്‍പ് എന്റെ മകളുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയുടെ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു താഴെ വന്ന അതി മനോഹരമായ ഒരു കമന്റാണിത്. മിഥുനം 2 പോയിന്റ് എന്ന അക്കൗണ്ടിൽ നിന്നാണ് കമന്റ് ഇട്ടിരിക്കുന്നത്. ഇത് ഫേക്ക് അക്കൗണ്ടാണോ എന്നറിയില്ല. പ്രൊഫൈലില്‍ ഞാന്‍ കയറി നോക്കിയിരുന്നു. പക്ഷേ അക്കൗണ്ട് പ്രൈവറ്റ് ആണ്. ഒരു ബര്‍ത്ത് ഡേ റീലിന് താഴെ ഇതുപോലൊരു മോശം കമന്റ് ഇട്ടതിന്റെ ഉദ്ദേശം എനിക്കറിയില്ല. ഒരു മനസുഖത്തിന് വേണ്ടിയായിരിക്കും. ആവശ്യത്തിനുള്ള മനസുഖം അദ്ദേഹത്തിന് കിട്ടിക്കാണും എന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെ ഒരു റിപ്ലേ തരുന്നത് എന്റെ ഒരു മനസുഖത്തിന് വേണ്ടിയാണ്. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. താങ്കൾക്ക് തൃപ്തിയായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.’ ആര്യ പറഞ്ഞു.

വീഡിയോക്കു താഴെ ആര്യക്കു പിന്തുണയുമായി സെലിബ്രിറ്റികളടക്കം പലരും രംഗത്തെത്തിയിട്ടുണ്ട്. ഖുഷിയുടെ പിറന്നാളിന് ‘ടീനേജ് പെണ്‍കുട്ടിയുടെ അമ്മയായി പ്രമോഷന്‍ കിട്ടി’ എന്നും ഖുഷിയുടെ പിറന്നാൾ ദിനത്തിൽ ആര്യ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

STORY HIGHLIGHT: arya badai againt an instagram user