മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ബാബു ആന്റണി. ഇപ്പോഴിതാ നടൻ ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ബാബു ആന്റണി. ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പും നടൻ പങ്കുവച്ചിട്ടുണ്ട്. തന്റെ മടിയിലിരുന്ന് കളിച്ചിരുന്ന പയ്യൻ ഇപ്പോൾ പാൻ ഇന്ത്യൻ നടൻ ആയതിലുള്ള സന്തോഷവും ബാബു ആന്റണി പങ്കുവെച്ചു.
‘ഓടും കുതിര ചാടും കുതിര’ സിനിമയുടെ ലൊക്കേഷനിൽ നിന്ന് എടുത്ത ചിത്രങ്ങളാണ് ബാബു ആന്റണി പങ്കുവച്ചിരിക്കുന്നത്. “പൂവിനു പുതിയ പൂന്തെന്നൽ ചെയ്യുന്നതിനിടയിൽ എന്റെ മടിയിലിരുന്ന് കളിച്ചിരുന്ന ആ കൊച്ചുകുട്ടി ഇന്ന് ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുന്നു. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയുടെ ലൊക്കേഷനിൽ ഞങ്ങൾ,”- എന്ന കുറിപ്പോടെയാണ് ബാബു ആന്റണി ചിത്രം പങ്കുവച്ചത്.
പരസ്പരം മുത്തമേകുന്ന ബാബു ആന്റണിയേയും ഫഹദിനെയും ചിത്രങ്ങളിൽ കാണാം. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്. ‘ബാബു ചേട്ടാ നിങ്ങൾ ഞങ്ങൾ 90 സിന്റെ മുത്താണ്’ – എന്നാണ് പലരും കുറിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര.
content highlight: Babu Antony and Fahad Fazil